തകർക്കാൻതന്നെ ഉദ്ദേശ്യം; ആരോഗ്യവകുപ്പിൽ 746 ജീവനക്കാർ വിദേശത്ത്, പകരം ആളെ നിയമിക്കാതെ സർക്കാർ

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ 746 സ്ഥിരം ജീവനക്കാർ അഞ്ചുവർഷത്തെ അവധിയെടുത്ത് വിദേശത്തുപോയിട്ടും പകരം താൽക്കാലിക നിയമനംപോലും നടത്താതെ സര്ക്കാര്. സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ സേവനങ്ങൾ തടസ്സപ്പെടുന്നതിനിടെയാണ്, നൂറുകണക്കിന് തസ്തികകളിൽ പകരം ആളെപ്പോലും നിയമിക്കാതെ സർക്കാർ ആരോഗ്യമേഖലയെ കൂടുതൽ അവതാളത്തിലാക്കുന്നത്. ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തിലും സാധാരണക്കാർക്ക് ലഭിക്കുന്ന ചികിത്സാസേവനങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ആശങ്ക ഉയരുകയാണ്.
സർക്കാർ സർവീസിൽനിന്ന് ദീർഘകാല അവധിയെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അഞ്ചുവർഷംവരെ അവധി അനുവദിക്കാം. എന്നാൽ ജീവനക്കാർ അവധിയിൽ പ്രവേശിക്കുമ്പോൾ ആശുപത്രികളിലെ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ പകരം സംവിധാനം ഒരുക്കേണ്ടതുണ്ട്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് പരിഹരിക്കാതെ പോകുന്നത് നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുകയും രോഗികളുടെ ചികിത്സയെ ബാധിക്കുകയും ചെയ്യും.
അനധികൃതമായി സർവീസിൽനിന്ന് വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. 2025ൽ ആരോഗ്യവകുപ്പിലെ 601 ഡോക്ടർമാർക്കെതിരെ അച്ചടക്കനടപടി ആരംഭിച്ചു. ഇതിൽ 84 ഡോക്ടർമാരെ പിരിച്ചുവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അനധികൃതമായി ജോലിയിൽനിന്ന് വിട്ടുനിന്ന 51 ഡോക്ടർമാരെക്കൂടി സർവീസിൽനിന്ന് നീക്കിയിരുന്നു.
പ്രൊബേഷൻ പൂർത്തിയാക്കാത്ത 444 ഡോക്ടർമാരും പ്രൊബേഷൻ പൂർത്തിയാക്കിയ 157 ഡോക്ടർമാരുമാണ് അന്ന് നടപടികൾ നേരിട്ടത്. അനധികൃതമായി സർവീസിൽ തുടരുന്നവർക്കെതിരെ നടപടിയെടുക്കാത്തത് പുതിയ നിയമനങ്ങൾക്ക് തടസ്സമാകുമെന്ന് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. ദീർഘകാലമായി ജോലിക്കെത്താത്തവരെ സർവീസ് രേഖകളിൽ നിലനിർത്തുന്നത് ജോലി ചെയ്യാൻ തയ്യാറുള്ള ഉദ്യോഗാർഥികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്നും അന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
2024ലും അനധികൃതമായി ജോലിയിൽനിന്ന് വിട്ടുനിൽക്കുന്ന ആരോഗ്യജീവനക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എൽഡിഎഫ് സർക്കാർ നിർദേശം നൽകിയിരുന്നു. ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാനും നിയമപരമായ നടപടികൾ സ്വീകരിക്കാനുമായിരുന്നു തീരുമാനം.
ഈ പശ്ചാത്തലത്തിലാണ് 746 സ്ഥിരം ജീവനക്കാർ വിദേശത്താണെന്നും പകരം നിയമനങ്ങൾ നടന്നിട്ടില്ലെന്നുമുള്ള പുതിയ വിവരം പുറത്തുവരുന്നത്. ദീർഘകാല അവധിയിലുള്ളവരിൽ എത്ര ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരുമുണ്ടെന്നും ഏതെല്ലാം ആശുപത്രികളിലാണ് ഒഴിവുകളുള്ളതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കേണ്ടതുണ്ട്.
സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമവും ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതിലെ പ്രതിസന്ധിയും എസ്എംഎ ബാധിതരായ കുഞ്ഞുങ്ങളുടെ മരുന്നുമാറ്റ വിവാദവും നിലനിൽക്കെയാണ് ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവും ഗുരുതര പ്രശ്നമായി മാറുന്നത്. പ്രമേഹം, എലിപ്പനി പ്രതിരോധം എന്നിവയ്ക്കുള്ള മരുന്നുകളും പഞ്ഞി ഉൾപ്പെടെയുള്ള ചികിത്സാ സാമഗ്രികളും അടക്കം 28 ഇനം അത്യാവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിടുന്നതായി സെപ്തംബർ അവസാനം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 26 മരുന്നുകളുടെ ലഭ്യതയിൽ തടസ്സമുണ്ടെന്ന് പിന്നീട് സർക്കാർ നിയമസഭയിലും വ്യക്തമാക്കുകയുണ്ടായി.
ഇതിനുപുറമേ, സംസ്ഥാനത്തെ 215 സർക്കാർ ആശുപത്രികളിലായി 1,252 ചികിത്സാ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുകയാണെന്നും 222 ഉപകരണങ്ങൾ ഇതുവരെ സ്ഥാപിച്ചിട്ടുപോലുമില്ലെന്നും ആരോഗ്യവകുപ്പിന്റെ സ്വന്തം റിപ്പോർട്ടിൽത്തന്നെ പറയുന്നുണ്ട്.
മറുവശത്ത്, എസ്എംഎ ബാധിതരായ കുട്ടികൾക്ക് നൽകുന്ന മരുന്ന് പെട്ടെന്ന് മാറ്റിയതിൽ രക്ഷിതാക്കൾ ഉയർത്തിയ സുരക്ഷാ ആശങ്കകൾക്ക് വ്യക്തമായ മറുപടി നൽകാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ആവശ്യത്തിന് മരുന്നില്ലാതെയും വാങ്ങിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെയും തസ്തികകളിൽ ആളില്ലാതെയും പൊതുജനാരോഗ്യ സംവിധാനം പൂർണ്ണമായും തകിടം മറിഞ്ഞിരിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.








0 comments