ഇപ്പോൾ ചികിത്സയുണ്ട്, ഡോക്ടറുണ്ട്, കെട്ടിടമുണ്ട് ക്ലീനിങ്ങുമുണ്ട്...

വൈഷ്ണവ് ബാബു
Published on Jul 12, 2025, 01:12 AM | 2 min read
തിരുവനന്തപുരം
യുഡിഎഫ് പത്രം, മെഡിക്കൽ കോളേജ് ആശുപത്രികളെ താറടിക്കാൻ ഇറക്കിയ പേജിലും തെളിഞ്ഞത് സർക്കാർ ആശുപത്രികളിലെല്ലാം ചികിത്സയും മരുന്നുമുണ്ടെന്ന വസ്‌തുത.
ചിലയിടങ്ങളിൽ തിരക്ക് മൂലം വരാന്തയിൽ കഴിയുന്ന രോഗികളെ തേടി ഡോക്ടർമാർ ചെല്ലുന്നുവെന്നും ചികിത്സിക്കുന്നുവെന്നും പത്രം പറയുന്നു. ഇത് സർക്കാർ ആശുപത്രികളിൽ ജനങ്ങൾക്ക് വിശ്വാസം കൂടിയതിന്റെയും കൂടുതൽപേർ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നുവെന്നതിന്റെയും സാക്ഷിപത്രമായി.
വരാന്തയിൽ ഇരിക്കുന്നവരുടെ ഇടയിലൂടെ ക്ലീനിങ് മെഷീൻ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടാണ് പത്രം ചൂണ്ടിക്കാട്ടുന്നത്. പക്ഷെ, അവിടെ ക്ലീനിങ് നടക്കുന്നുവെന്നതിൽ പത്രത്തിന് സംശയമില്ല. ചില മെഡിക്കൽ കോളേജ് ആശുപത്രിയിലെങ്കിലും ബെഡ് അധികമായുള്ളതിനാൽ രോഗികൾ ആരും വരാന്തയിൽ കിടക്കുന്നില്ലയെന്നും സമ്മതിക്കുന്നു.
എട്ടോ പത്തോ ലേഖകർ സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിലിറങ്ങി ‘അരിച്ച് പെറുക്കി ’ കിട്ടിയത് സ്‌ട്രച്ചർ തള്ളാൻ ആളില്ല, ശസ്‌ത്രക്രിയക്ക് ക്യൂ, സ്കാനിങിന് ആശുപത്രിക്കകത്തെ വഴിയിലൂടെ സ്‌ട്രച്ചറിൽ കൊണ്ടുപോകണം.. തുടങ്ങി അതിശയോക്തി കലർത്തിയുള്ള റിപ്പോർട്ടുകളാണ്.മതിയായ ചികിത്സയോ മരുന്നോ കിട്ടാതെ ആരെങ്കിലും മടങ്ങി പോകുന്നുവെന്ന് പരാതിയില്ല. സ്കാനിങ്ങും ശസ്‌ത്രക്രിയയും നടക്കുമെന്ന് ഉറപ്പ്. അടിയന്തര ശസ്‌ത്രക്രിയകൾ ചെയ്യുന്നുമുണ്ട്.
പനി വന്നാൽ പോലും റഫറൽ ആശുപത്രിയായ മെഡിക്കൽ കോളേജുകളിലേക്ക് പോകുന്ന രീതിയാണ് കേരളത്തിലുള്ളത്. ചികിത്സയും മരുന്നും കിട്ടുമെന്ന ഉറപ്പും സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കും മധ്യവർഗത്തിലുള്ളവരെയടക്കം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ എത്തിക്കുന്നു. ഇതുകൂടി ഉൾക്കൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും നടക്കുന്നുവെന്ന സത്യമാണ് പത്രം പറയാതെ പറയുന്നത്.
നിതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക ;
മാനദണ്ഡങ്ങൾ മാറ്റിയിട്ടും കേരളം മുന്നേറി
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വീഴ്ച മറച്ചുവയ്ക്കാൻ നിതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേന്ദ്രം മാനദണ്ഡങ്ങൾ മാറ്റിയിട്ടും കേരളത്തിന് മുന്നേറ്റം. 2023-–-24ലെ ‘ഗുഡ് ഹെൽത്ത് ആൻഡ് വെൽബീയിങ് ഇൻഡെക്സി’ൽ 80 പോയിന്റോടെ കേരളം നാലാം സ്ഥാനത്ത് എത്തി. ദേശീയ ശരാശരിയേക്കാൾ മൂന്ന് പോയിന്റ് വർധനയുയാണ് ഈ നേട്ടം. 11 മാനദണ്ഡങ്ങളാണ് ഇത്തവണ പരിഗണിച്ചത്. ഇതിൽ മാതൃമരണ അനുപാതം, അഞ്ചുവയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക്, എച്ച്ഐവി അണുബാധ, ആയുർദൈർഘ്യം, ആരോഗ്യ പ്രവർത്തകരുടെ സാന്ദ്രത എന്നീ വിഭാഗങ്ങളിൽ കേരളം ഒന്നാമതായി. ആരോഗ്യമേഖലയ്ക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടിയാണ് കേരളത്തിന്റെ ഈ മുന്നേറ്റം. 90 പോയിന്റ് നേടിയ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. 84 പോയിന്റ് നേടിയ മഹാരാഷ്ട്രയും ഉത്തരാഖണ്ഡും രണ്ടാമതും. 83 പോയിന്റുള്ള ഹിമാചൽ പ്രദേശാണ് മൂന്നാമത്.
പുതിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുന്നതിനുമുമ്പ് 2018- മുതൽ 2020 വരെ കേരളം ഒന്നാം സ്ഥാനത്തായിരുന്നു. ബിജെപി സർക്കാരുകളുടെ ആരോഗ്യമേഖലയിലെ വീഴ്ച മറച്ചുവയ്ക്കാനാണ് പുതിയ സൂചികകൾ ഉൾപ്പെടുത്തിയത്. സുസ്ഥിര വികസനലക്ഷ്യങ്ങൾ നേടാനായി നിതി ആയോഗ് കേന്ദ്ര ആരോഗ്യ–-കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് 2017 മുതലാണ് സൂചിക പ്രസിദ്ധീകരിക്കുന്നത്.









0 comments