print edition ഒരു തീരുമാനവും മാറ്റിയില്ല; മറയില്ലാതെ ആർഎസ്എസ് പ്രീണനം


സി കെ ദിനേശ്
Published on Oct 08, 2026, 01:30 AM | 1 min read
തിരുവനന്തപുരം : എത്ര വിമർശിച്ചാലും വാർത്തകൾ പുറത്തുവന്നാലും ആർഎസ്എസ് പ്രീണനത്തിൽനിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് തെളിയിച്ച് യുഡിഎഫ് സർക്കാർ. കാപ്പ കേസിൽ ജയിലിലായിരുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലറെ, ഹൈക്കോടതി ശകാരിച്ചിട്ടും പുറത്തിറക്കി. കോടതി ആവശ്യപ്പെട്ട രേഖകൾ സമയത്ത് എത്തിക്കാതെ ഒത്തുകളിച്ചാണിത്. ജയിലിൽ സത്യപ്രതിജ്ഞയ്ക്ക് അവസരം ഒരുക്കിയതും സംസ്ഥാന സർക്കാർതന്നെ.
പുറത്തിറങ്ങി സർക്കാരിനോട് നന്ദി പ്രകടിപ്പിച്ച സുഗതൻ മാധ്യമങ്ങളോട് പറഞ്ഞത്, തന്നെ അകത്താക്കിയത് സിപിഐ എം ആണെന്നാണ്.
ഏറ്റവുമൊടുവിൽ സംഘപരിവാർ പെൻഷനേഴ്സ് സെൽ നേതാവ് രതീഷ് ആർ നായർക്ക് ആരോഗ്യവകുപ്പിൽ നിയമനം നൽകി. വിവാദമായപ്പോൾ പിരിച്ചു വിടുമെന്നല്ല,നിയമപരമായി വല്ലതും ചെയ്യാൻ പറ്റുമോയെന്ന് നോക്കാം എന്നാണ് മന്ത്രി മുരളീധരൻ പറഞ്ഞത്.
പിഎം ശ്രീയിൽനിന്ന് പിന്മാറുമെന്ന് പ്രസ്താവിക്കാൻപോലും യുഡിഎഫിലെ പ്രധാനഘടകകക്ഷിയായ മുസ്ലിംലീഗിന്റെ മന്ത്രി തയ്യാറല്ല. ഉപസമിതി ചേരില്ലെന്ന് വാർത്ത പ്രചരിപ്പിച്ചത് ബിജെപിയെ സുഖിപ്പിക്കാനാണ്. യുഡിഎഫ് സർക്കാരിന്റൈ സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചു. സ്വാതന്ത്ര്യദിനത്തിലും ഇതാവർത്തിക്കണമെന്ന് ഉത്തരവിറക്കി.
നീറ്റ് പരീക്ഷാക്രമക്കേടിൽ രാജ്യമാകെ പ്രതിഷേധിച്ചപ്പോൾ കേരളത്തിൽമാത്രം 5000 വിദ്യാർഥികൾക്കെതിരെ കേസെടുത്തു. സമരം ചെയ്യുന്ന വിദ്യാർഥിനികൾ ബലാത്സംഗം ആഗ്രഹിക്കുന്നവരാണെന്ന് പറഞ്ഞ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിന് സംരക്ഷണമൊരുക്കിയ സർക്കാർ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നിയമനടപടിയെടുത്തു.
എബിവിപി നേതാവിനെ സർക്കാർ അഭിഭാഷകനാക്കാനും ആർഎസ്എസ് അനുകൂലികളെ വിസിമാരും സിൻഡിക്കറ്റ് അംഗങ്ങളും ആക്കാനും നടക്കുന്നു. വഖഫ് ബോർഡ് പുനഃസംഘടനയിലും ബിജെപി നയത്തോടാണ് ആഭിമുഖ്യം. സവർക്കറെ സ്വാതന്ത്ര്യസമര സേനാനിയാക്കി അധ്യാപകൻ ചോദ്യപ്പേപ്പറുണ്ടാക്കിയതും സർക്കാരിന്റെ പൊതുസ്വഭാവം മനസ്സിലാക്കിയാണ്. തീരുമാനങ്ങളിലൊന്നും മാറ്റം വേണ്ടെന്നാണ് സർക്കാർ നിലപാട്.









0 comments