ad
Deshabhimani

ആശ്വാസകിരണം: 22,700 പേർക്കുകൂടി ആനുകൂല്യം; കുടിശ്ശിക തീർത്ത് സർക്കാർ

Dr R Bindu
വെബ് ഡെസ്ക്

Published on Dec 23, 2025, 03:48 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ പരിചാരകർക്ക് കൈത്താങ്ങുമായി സർക്കാർ. ആശ്വാസകിരണം പദ്ധതിക്ക് കീഴിൽ പുതുതായി 22,700 പേർക്കുകൂടി ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ.


ഇതോടെ തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പരിചരിക്കുന്ന വലിയൊരു വിഭാഗത്തിന് ആശ്വാസമാകും. 2018 ഏപ്രിൽ 1 മുതൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള ഭിന്നശേഷിക്കാരുടെ പരിചാരകരെയാണ് ഈ ഘട്ടത്തിൽ പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.


പ്രതിമാസം 600 രൂപ വീതമാണ് ഇവർക്ക് ധനസഹായമായി ലഭിക്കുക. ഭിന്നശേഷിസമൂഹത്തോടുള്ള സർക്കാരിന്റെ സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് ഈ നടപടി.


നിലവിലെ ഗുണഭോക്താക്കൾക്ക് 2025 ഒക്ടോബർ വരെയുള്ള ധനസഹായം സർക്കാർ പൂർണ്ണമായും വിതരണം ചെയ്തു കഴിഞ്ഞു. നവംബർ മാസത്തെ തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ 25,000-ത്തോളം പേരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്.


പുതിയ തീരുമാനത്തിലൂടെ ഗുണഭോക്താക്കളുടെ എണ്ണം ഗണ്യമായി വർദ്ധിക്കും. തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, മാരക രോഗങ്ങൾ ബാധിച്ച് പൂർണ്ണമായും കിടപ്പിലായവർ തുടങ്ങിയവരെ പരിചരിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ആശ്വാസകിരണം പദ്ധതി.


ദൈനംദിന കാര്യങ്ങൾക്കായി മറ്റൊരാളുടെ സഹായം അനിവാര്യമായ രോഗികളെ പരിപാലിക്കുന്നവർക്ക് സാമ്പത്തിക കൈത്താങ്ങ് നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷിക്കാരുടെ പരിചാരകർക്ക് പുറമെ, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കിടപ്പിലായവരുടെ പരിചാരകരും ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.


നിലവിൽ ഭിന്നശേഷി വിഭാഗത്തിന് മുൻഗണന നൽകാനാണ് തീരുമാനം. 2018 ഏപ്രിൽ മുതൽ അപേക്ഷിച്ച മറ്റ് വിഭാഗങ്ങളിൽപ്പെട്ടവരുടെ കാര്യം സർക്കാർ സജീവമായി പരിഗണിച്ചുവരികയാണെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പത്രക്കുറിപ്പിലൂടെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home