print edition സർപ്പ ആപ് മാതൃകയിൽ; കാട്ടുപന്നി ശല്യം തടയാൻ മൊബൈൽ ആപ്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച സർപ്പ ആപ്പിന്റെ മാതൃകയിൽ മനുഷ്യ– വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും. കാട്ടുപന്നിശല്യമുള്ള ഇടങ്ങളിൽ ഏറ്റവും അടുത്തുള്ള ഷൂട്ടറുടെ സേവനം ഉടൻ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ജില്ലാ കലക്ടർ അനുകുമാരി അധ്യക്ഷയായ ജില്ലാ നിയന്ത്രണസമിതി ആപ്പിന്റെ സാധ്യത ചർച്ച ചെയ്തു. കാട്ടുപന്നിശല്യമുണ്ടാകുന്ന ഉടൻ രജിസ്റ്റർ ചെയ്ത ഷൂട്ടർമാർക്ക് ജാഗ്രതാ സന്ദേശം ലഭിക്കും.
വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ജാഗ്രതാ സമിതി കോ–ഓർഡിനേറ്റർമാർ എന്നിവരുടെ ഫോൺ നമ്പറുകളും ഉൾപ്പെടുത്തും.
പഞ്ചായത്തുതലത്തിൽ ഷൂട്ടർമാരുടെ പാനൽ രൂപീകരിക്കും. കുരങ്ങ്, മയിൽ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്തുതലത്തിൽ പ്രാദേശിക റെസ്‌പോൺസ് ടീം രൂപീകരിച്ച് പരിശീലിപ്പിക്കും.
കഴിഞ്ഞ വർഷം ജില്ലയിൽ 1658 കാട്ടുപന്നികളെ വെടിവച്ചുകൊന്നു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലായിരുന്നു കൂടുതൽ. പെരിങ്ങമ്മല പഞ്ചായത്ത് രണ്ടാമതും തിരുവനന്തപുരം കോർപറേഷൻ മൂന്നാമതുമാണ്.
കാര്യവട്ടം ക്യാമ്പസിൽ കാട്ടുപന്നി ശല്യം രൂക്ഷമായതിനാൽ
വെടിവച്ച് കൊല്ലാൻ കോർപറേഷനോടും അടിക്കാട് വെട്ടിത്തെളിക്കാൻ സർവകലാശാല അധികൃതരോടും കലക്ടർ നിർദേശിച്ചു.










0 comments