ad
Deshabhimani

print edition പ്രളയത്തിനു കാരണം അഴിമതിയെന്ന്‌ ജനവും കോടതിയും തള്ളിയ ആക്ഷേപം; പരിഹാസ്യരായി യുഡിഎഫ്‌

Kerala Flood.jpg
വെബ് ഡെസ്ക്

Published on Apr 09, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കോടതിയും ജനങ്ങളും തള്ളിയ ആക്ഷേപം തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ എൽഡിഎഫിനെതിരെ ആയുധമാക്കാൻ പുറപ്പെട്ട്‌ പരിഹാസ്യരായി യുഡിഎഫ്‌. 2018ലെ പ്രളയത്തിന്‌ പിന്നിൽ അഴിമതിയാണെന്നായിരുന്നു കോൺഗ്രസ്‌ നേതാവ്‌ മാത്യു കുഴൽനാടന്റെ ആരോപണം.


ഇതേ ആക്ഷേപം അന്നുതന്നെ ഉയർത്തി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അതിതീവ്രമഴയാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്രജലകമീഷനും ചെന്നൈ ഐഐടിയും നടത്തിയ ശാസ്ത്രീയപഠനങ്ങളിലും തെളിഞ്ഞു. ഇത്‌ പരിശോധിച്ച്‌ ഹൈക്കോടതി ഹർജി തള്ളിയിരുന്നു. നിയമസഭയിലും വിഷയം പലതവണ വന്നു. എന്നാൽ അവിടെയും കൃതൃമായ ഡാറ്റയുടെ അടിസ്ഥാനത്തിൽ ആക്ഷേപം പൊളിച്ചിരുന്നു.


മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെതെന്ന നിലയിൽ ശബ്ദശകലം മാത്രമാണ്‌ പുതുതായി കൊണ്ടുവന്നത്‌. എന്നാൽ, ആരോടാണ്‌ സംസാരിക്കുന്നതെന്നോ, എന്നാണ്‌ നടന്നതെന്നോ കുഴൽനാടൻ വ്യക്തമാക്കിയില്ല. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിൽനിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.


ശബ്ദസന്ദേശം തന്റേതല്ലെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടിയും വ്യക്തമാക്കി. ആരുടെയും ശബ്ദവും ദൃശ്യവും അടക്കം വ്യാജമായി നിർമിക്കാനുള്ള പുതിയ സാങ്കേതികവിദ്യകൾ നിലവിലുള്ളതിനാൽ മാത്യു കുഴൽനാടനുനേരെ സംശയം ഉയരുന്നുണ്ട്‌. കുഴൽനാടനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. മുൻ മന്ത്രിയായിരുന്ന മാത്യു ടി തോമസും കുഴൽനാടന്റെ ആക്ഷേപം തള്ളി.


പ്രളയവേളയിൽ തോട്ടപ്പിള്ളി സ്‌പിൽവേ തുറക്കാത്തതാണ്‌ പ്രളയത്തിനു കാരണമെന്നാണ്‌ ഒരാക്ഷേപം. എന്നാൽ, തോട്ടപ്പിള്ളി സ്‌പിൽവേയിലെ ഷട്ടറുകൾ ജൂലൈ 16 മുതൽതന്നെ തുറന്നിരുന്നു. ഒരു ഷട്ടറിന് സാങ്കേതിത്തകരാർ വന്നപ്പോൾ യന്ത്രസഹായത്താൽ ആഗസ്‌ത്‌ 15ന് തന്നെ ആ ഷട്ടറും ഉയർത്തി. മണിയാർ ഡാം ആദ്യമേ തുറന്നില്ല എന്നതാണ് രണ്ടാമത്തെ ആരോപണം. ജൂലൈ അവസാനംതന്നെ മണിയാർ ഡാം തുറന്നിരുന്നു. അന്നത്തെ പത്രങ്ങളിൽ ഇതുസംബന്ധിച്ച വാർത്തയും വന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home