മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; മണ്ണെണ്ണ സബ്‌സിഡി ലിറ്ററിന് 50 രൂപയായി വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകർന്നുകൊണ്ട് മണ്ണെണ്ണ സബ്‌സിഡിയിൽ വർദ്ധനവ് വരുത്തി സർക്കാർ. ലിറ്ററിന് 25 രൂപയായിരുന്ന സബ്‌സിഡി 50 രൂപയായി വർദ്ധിപ്പിച്ചു. മത്സ്യബന്ധനത്തിനായി മത്സ്യഫെഡ് വഴി അനുവദിക്കുന്ന മണ്ണെണ്ണയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പത്തു വർഷത്തിലേറെയായി സബ്‌സിഡി തുകയിൽ വർദ്ധനവ് വരുത്തിയിട്ടില്ലാത്ത സാഹചര്യം പരിഗണിച്ചാണ് ഈ നടപടി. 2026 ഫെബ്രുവരി 24-ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്.
ജസ്റ്റിസ് (റിട്ട.) ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ കൂടി പരിഗണിച്ചാണ് ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. ഇന്ധനവില വർദ്ധനവ് മൂലം പ്രതിസന്ധിയിലായ മത്സ്യമേഖലയ്ക്ക് പ്രത്യേക നികുതിയിളവോ സബ്‌സിഡിയോ നൽകി സഹായിക്കണമെന്ന കമ്മീഷൻ നിർദ്ദേശമാണ് സർക്കാർ അംഗീകരിച്ചത്. ഇതിന്റെ ഭാഗമായി ഫിഷ് ലാൻഡിങ് സെന്ററുകൾ കേന്ദ്രീകരിച്ച് മണ്ണെണ്ണ ബങ്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഉത്തരവിൽ നിർദ്ദേശമുണ്ട്. ഗവർണറുടെ ഉത്തരവിൻ പ്രകാരം ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ ബിഐഎസ് ആണ് മാർച്ച് 9-ന് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്.










0 comments