ad
Deshabhimani

വൈദ്യുതി മുടക്കം; ഓക്സിജൻ അളവ് കുറയുന്നു, മത്സ്യകൃഷി പ്രതിസന്ധിയിൽ

fish farming
വെബ് ഡെസ്ക്

Published on Sep 17, 2026, 05:53 PM | 2 min read

തിരുവനന്തപുരം: കേരളത്തിലെ പതിവായ വൈദ്യുതി മുടക്കം മത്സ്യകൃഷി മേഖലയ്ക്ക് തിരിച്ചടിയാകുന്നു. വൈദ്യുതി നിലയ്ക്കുന്നതോടെ മത്സ്യകൃഷി യൂണിറ്റുകളിലെ എയറേറ്ററുകളും ഫിൽട്ടറുകളും പ്രവർത്തനരഹിതമാകുന്നതാണ് പ്രധാന വെല്ലുവിളി.


പ്രത്യേകിച്ച് ഉയർന്ന സാന്ദ്രതയിൽ മത്സ്യങ്ങളെ വളർത്തുന്ന ബയോഫ്ലോക്ക്, ആർഎഎസ് സംവിധാനങ്ങളെയാണ് വൈദ്യുതി മുടക്കം രൂക്ഷമായി ബാധിക്കുന്നത്. അലങ്കാര മത്സ്യകൃഷിക്കും വളർത്തുമത്സ്യ കൃഷിക്കും ഇതിന്റെ പ്രത്യാഘാതം ഒരുപോലെ അനുഭവപ്പെടുന്നു.


വൈദ്യുതി മുടങ്ങുന്നതോടെ അക്വേറിയങ്ങളിലെയും ടാങ്കുകളിലെയും വെള്ളത്തിലെ ഓക്സിജന്റെ അളവ് വേഗത്തിൽ കുറയുന്നു. ഓക്സിജൻ ക്ഷാമം രൂക്ഷമായാൽ മീനുകൾ വെള്ളത്തിന്റെ ഉപരിതലത്തിലെത്തി ശ്വാസം എടുക്കാൻ ശ്രമിക്കുകയും മണിക്കൂറുകൾക്കുള്ളിൽ ചത്തുപൊങ്ങുകയും ചെയ്യാം.


ഫിൽട്ടറേഷൻ സംവിധാനം നിലയ്ക്കുന്നതോടെ വെള്ളത്തിന്റെ ഗുണനിലവാരവും താഴുന്നു. അമോണിയ ഉൾപ്പെടെയുള്ള ദോഷകരമായ ഘടകങ്ങൾ അടിഞ്ഞുകൂടുന്നത് മത്സ്യങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും മരണനിരക്ക് ഉയർത്തുകയും ചെയ്യും.


ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച് ആരംഭിച്ച ഫാമുകളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് വേഗത്തിൽ വളരുന്ന മത്സ്യങ്ങളെയും ഉയർന്ന സാന്ദ്രതയിൽ വളർത്തുന്ന ഇനങ്ങളെയും ആശ്രയിക്കുന്ന കർഷകരാണ് കൂടുതൽ ആശങ്കയിൽ.


അലങ്കാര മത്സ്യകൃഷിയിൽ ആശങ്ക


ഗപ്പി, പ്ലാറ്റി, മോളി, ഏയ്ഞ്ചൽ ഫിഷ്, വാൾടെയിൽ, ബെറ്റ, സീബ്ര ഡാനിയോ തുടങ്ങിയ അലങ്കാര മത്സ്യങ്ങൾ കേരളത്തിൽ വീടുകളിലും ചെറുകിട ഫാമുകളിലും വ്യാപകമായി വളർത്തുന്നുണ്ട്. ഗപ്പി, പ്ലാറ്റി, മോളി തുടങ്ങിയ ഇനങ്ങൾ താരതമ്യേന കരുത്തുറ്റവയാണെങ്കിലും, ദീർഘനേരം എയറേഷൻ നിലച്ചാൽ അക്വേറിയങ്ങളിലെ മത്സ്യങ്ങൾക്കും അപകടസാധ്യത വർധിക്കും.


വിവിധ നിറങ്ങളിലും രൂപങ്ങളിലുമായി വിപണനം ചെയ്യുന്ന അലങ്കാര മത്സ്യങ്ങൾ കേരളത്തിലെ വൈദ്യുതി കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നഷ്ടമാണ്. പ്രജനനത്തിനും വളർത്തലിനുമായി വലിയ തോതിൽ മത്സ്യങ്ങളെ സൂക്ഷിക്കുന്ന യൂണിറ്റുകളിൽ വൈദ്യുതി മുടക്കം കൂടുതൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.


ഭക്ഷ്യ മത്സ്യകൃഷിക്കും തിരിച്ചടി


വാണിജ്യാടിസ്ഥാനത്തിൽ കുളങ്ങൾ, ബയോഫ്ലോക്ക് ടാങ്കുകൾ, കൂടുകൃഷി എന്നിവയിലൂടെ വിവിധ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളാണ് കേരളത്തിൽ വളർത്തുന്നത്. തിലാപ്പിയ, കരിമീൻ, കട്ല, രോഹു, മൃഗാൽ, ഗ്രാസ് കാർപ്പ്, കോമൺ കാർപ്പ്, വിയറ്റ്നാം വരാൽ, ചേറുമീൻ, കാരി,വാഹ തുടങ്ങിയവ പ്രധാന ഇനങ്ങളാണ്. തീരദേശ-കായൽ മേഖലകളിലെ കൂടുകൃഷിയിൽ സീബാസ്, കോബിയ തുടങ്ങിയ ഇനങ്ങളും വളർത്തുന്നുണ്ട്.


വേഗത്തിൽ വളരുന്നതും വാണിജ്യാടിസ്ഥാനത്തിൽ ആവശ്യക്കാരുള്ളതുമായ ഇനങ്ങളായതിനാൽ ഇവയെ പല കർഷകരും തിരഞ്ഞെടുക്കുന്നത്. എന്നാൽ ഉയർന്ന സാന്ദ്രതയിലുള്ള കൃഷിരീതികളിൽ വെള്ളത്തിലെ ഓക്സിജൻ നില നിലനിർത്തുന്നതിന് തുടർച്ചയായ എയറേഷൻ ആവശ്യമായതിനാൽ വൈദ്യുതി മുടക്കം വലിയ ഭീഷണിയാകുന്നു.


വരാൽ പോലുള്ള ചില ഇനങ്ങൾക്ക് കുറഞ്ഞ ഓക്സിജൻ സാഹചര്യങ്ങളെ മറ്റുചില മത്സ്യങ്ങളെക്കാൾ നന്നായി അതിജീവിക്കാനാകുമെങ്കിലും, ദീർഘനേരത്തെ വൈദ്യുതി മുടക്കം ജലഗുണനിലവാരത്തെയും വളർച്ചയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ വളർത്തു മത്സ്യ കൃഷിയെയും അലങ്കാര മത്സ്യ കൃഷിയെയും ഒരുപോലെ ബാധിക്കുന്ന വൈദ്യുതി മുടക്കം മത്സ്യ കർഷകരെ പ്രതിസന്ധിയിലാക്കുകയും വൻസാമ്പത്തിക നഷ്ട്ടം വരുത്തിവെക്കുകയും ചെയുന്നു.


പവർ കട്ട് മൂലം മീനുകൾ ചത്ത് പൊങ്ങുന്നത്, എടുത്ത ഓർഡറുകൾ കൃത്യമായി നൽകാൻ കഴിയാതാകുകയും സാമ്പത്തിക നഷ്ടത്തിനൊപ്പം കർഷകരുടെ വിശ്വാസ്യതയേയും ഉപഭോക്താക്കൾ ചോദ്യം ചെയ്യുകയും ചെയ്യുന്നു.


അടിയന്തര പരിഹാരങ്ങൾ


വൈദ്യുതി മുടക്കം നേരിടാൻ ഫാമുകളിൽ ഇൻവെർട്ടർ, യുപിഎസ്, ചെറിയ ജനറേറ്റർ തുടങ്ങിയ ബാക്കപ്പ് സംവിധാനങ്ങൾ ഒരുക്കുന്നത് സഹായകരമാണ്. ചെറിയ അക്വേറിയങ്ങൾക്കും ടാങ്കുകൾക്കും ബാറ്ററിയിൽ പ്രവർത്തിക്കുന്ന യുഎസ്ബി/ഡിസി എയർ പമ്പുകളും കരുതിവയ്ക്കാം.


ദീർഘകാല പരിഹാരമായി സോളാർ പവർ സംവിധാനം സ്ഥാപിക്കുന്നതും പരിഗണിക്കാം. വൈദ്യുതി മുടക്കം പ്രതീക്ഷിക്കുന്ന സമയങ്ങളിൽ തീറ്റയുടെ അളവ് കുറയ്ക്കുകയോ താൽക്കാലികമായി ഒഴിവാക്കുകയോ ചെയ്യുന്നത് വെള്ളത്തിലെ ഓക്സിജൻ ആവശ്യകതയും മലിനീകരണ സാധ്യതയും കുറയ്ക്കാൻ സഹായിക്കും.


വലിയ ടാങ്കുകളിൽ വെള്ളം ഇളക്കുകയോ മുകളിൽ നിന്ന് വെള്ളം ശക്തമായി ഒഴുക്കിവിടുകയോ ചെയ്ത് താൽക്കാലികമായി ഓക്സിജൻ ലഭ്യത വർധിപ്പിക്കാം. എന്നാൽ ദീർഘനേരത്തെ വൈദ്യുതി മുടക്കം നേരിടാൻ സ്ഥിരമായ ബാക്കപ്പ് എയറേഷൻ സംവിധാനം അനിവാര്യമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.


എന്നാൽ വലിയ സാമ്പത്തികശേഷിയില്ലാത്ത കേരളത്തിലെ ചെറുകിട മത്സ്യ കർഷകർക്ക് വലിയ സാമ്പത്തിക ചിലവുള്ള ഈ മാർഗങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞില്ലെന്ന് വരാം. മത്സ്യകൃഷി മേഖലയെ വൈദ്യുതി മുടക്കത്തിന്റെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കാൻ പവർ കട്ട് പരിഹരിച്ച് അടിയന്തര വൈദ്യുതി ലഭ്യത ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home