print edition ഹരിതഭാവിയിലേക്ക് കേരളം ; അന്താരാഷ്‌ട്ര ഊർജമേള സമാപിച്ചു

അന്താരാഷ്‌ട്ര ഉൗർജമേള സമാപന സമ്മേളനത്തിൽ പൊതുമേഖലാ പരിവർത്തന ബോർഡ് എക്സിക്യൂട്ടീവ് ചെയർമാൻ അജിത് കുമാർ സംസാരിക്കുന്നു
കൊച്ചി
കേരളത്തിന്റെ ഊർജസ്വപ്‌നങ്ങൾക്ക് കരുത്തേകി കേരള രാജ്യാന്തര ഊർജമേളയ്ക്ക് കൊച്ചിയിൽ ഉജ്വല സമാപനം. എനർജി മാനേജ്‌മെന്റ് സെന്ററിന്റെ (ഇഎംസി) നേതൃത്വത്തിൽ പനങ്ങാട് കുഫോസിൽ മൂന്നുദിവസങ്ങളിലായി നടന്ന മേള കേരളത്തിന്റെ സുസ്ഥിര വികസന കാഴ്ചപ്പാടുകളെ ഊട്ടിയുറപ്പിച്ചു. സുസ്ഥിര ഊർജം, സാങ്കേതിക നവീകരണം, കാലാവസ്ഥാസംരക്ഷണം എന്നിവയിൽ ഊന്നിയുള്ള ദേശീയതല സംവാദങ്ങളുടെ വേദിയായി മേള മാറി. നയപരമായ ചർച്ചകളും പ്രായോഗിക അറിവുകളും സമന്വയിപ്പിച്ച ഊർജോത്സവം കേരളത്തിന്റെ ഭാവിനയങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകിയാണ് സമാപിച്ചത്.
ബാർക്കിലെ (ബിഎആർസി) മുൻ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ നടന്ന ആണവോർജചർച്ചകൾ ശ്രദ്ധേയമായി. ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട്, നിതി ആയോഗിനെ സഹായിക്കുന്ന അന്താരാഷ്ട്ര ഏജൻസികൾ എന്നിവ പങ്കുചേർന്ന സെഷനുകളിൽ ആഗോള ഊർജമാതൃകകൾ കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിശദീകരിച്ചു.
സമാപന സമ്മേളനത്തിൽ കെഎസ്‌ഐഡിസി ചെയർമാൻ സി ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. വി കെ ദാമോദരന്റെ സ്മരണാർഥമുള്ള പുരസ്കാരങ്ങളും വിതരണംചെയ്തു. പ്രൊഫ. വി കെ ദാമോദരന്റെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ടീസർ പ്രകാശിപ്പിച്ചു. പൊതുമേഖലാ പരിവർത്തന ബോർഡ് എക്സിക്യൂട്ടീവ് ചെയർമാൻ അജിത് കുമാർ, കുഫോസ് രജിസ്ട്രാർ ഡോ. കെ ദിനേശ്, ഇഎംസി ഡയറക്ടർ ഡോ. ആർ ഹരികുമാർ, ജോയിന്റ് ഡയറക്ടർ എ എൻ ദിനേഷ് കുമാർ എന്നിവര്‍ സംസാരിച്ചു.
ഊർജമേഖലയിലെ ആഗോള സഹകരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സുപ്രധാനമായ മൂന്ന് ധാരണപത്രങ്ങളിലും ഇഎംസി ഒപ്പുവച്ചു. എൽപിമുതൽ സർവകലാശാലതലംവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും നടത്തി.










0 comments