print edition പുകയൂതി മടുക്കണ്ട; അടുക്കളയിലിനി ‘ഇലക്‌ട്രിക് രുചി’

അന്താരാഷ്ട്ര ഊർജമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഇലക്‌ട്രിക് കുക്കിങ് പരിശീലനത്തിൽനിന്ന്
കൊച്ചി
കരിപുരണ്ട ചുവരുകളും കണ്ണുനീറ്റുന്ന പുകയും നിറഞ്ഞ അടുക്കളച്ചിത്രങ്ങൾ ഇനി ഓർമ. ആരോഗ്യകരവും ലാഭകരവുമായ പാചകസംസ്‌കാരത്തിലേക്ക് വാതിൽതുറന്ന് അന്താരാഷ്ട്ര ഊർജമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഇലക്‌ട്രിക് കുക്കിങ് പരിശീലനം.
ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾക്കും വനിതാ സംരംഭകർക്കുമാണ് പ്രായോഗിക പരിശീലനം ഒരുക്കിയത്. പരമ്പരാഗത ഇന്ധനങ്ങൾക്കുപകരം വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതി ജനകീയമാക്കുന്നതിലൂടെ കേരളത്തിന്റെ ഊർജസംരക്ഷണ ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് ലക്ഷ്യം. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം അടുക്കളയിലെ വായുനിലവാരം മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കും. വി-–ഗാർഡ് ഇൻഡസ്ട്രീസുമായി സഹകരിച്ച് നടത്തിയ പരിശീലനത്തിൽ ആധുനിക ഉപകരണങ്ങൾ എങ്ങനെ കുറഞ്ഞ വൈദ്യുതിയിൽ കാര്യക്ഷമമായി ഉപയോഗിക്കാമെന്ന് പ്രദർശിപ്പിച്ചു. വി–-ഗാർഡ് ലീഡ് എൻജിനിയർ മാധവറാവു നേതൃത്വം നൽകി.
ഇഎംസി രജിസ്ട്രാർ ബി വി സുഭാഷ് ബാബു പരിശീലനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷൻ എൻഎഫ്എൽ മാർക്കറ്റിങ് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ സയ്യിദ് മുഹമ്മദ്, ഇഎംസി എനർജി ടെക്നോളജിസ്റ്റ് കെ സന്ദീപ്, അനൂപ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments