ad
Deshabhimani

3,305 താൽക്കാലിക ജീവനക്കാർ പെരുവഴിയിൽ

print edition ഡിജിറ്റൽ സർവേ നിർത്തുന്നത്‌ കോഴ നിയമനത്തിന്‌ വഴിയൊരുക്കാൻ

Bribery Case
avatar
വേണു കെ ആലത്തൂർ

Published on Aug 03, 2026, 02:02 AM | 1 min read

പാലക്കാട്‌ : കൈക്കൂലിക്ക്‌ വഴിയൊരുക്കാൻ റവന്യു വകുപ്പിൽ ഡിജിറ്റൽ സർവേ സംവിധാനം അട്ടിമറിക്കുന്നു. എൽഡിഎഫ്‌ സർക്കാർ നിയമിച്ച 3,305 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട്‌ കോഴവാങ്ങി പുതിയ നിയമനം നടത്താൻ അണിയറനീക്കം തുടങ്ങി. 2022 നവംബറിൽ തുടങ്ങിയ പദ്ധതിക്ക്‌ എംപ്ലോയ്‌മെന്റ്‌ മുഖേനയാണ്‌ ജീവനക്കാരെ നിയമിച്ചത്‌. ഇവരൊക്കെ എൽഡിഎഫ്‌ അനുകൂലികളാണെന്ന പൊതുബോധം സൃഷ്ടിച്ചാണ്‌ റവന്യു മന്ത്രി നേരിട്ട്‌ ഇടപെട്ട്‌ എല്ലാവരെയും പിരിച്ചുവിട്ടത്‌.


എല്ലാ രാഷ്ട്രീയ പാർടികളിൽപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്‌. 40 വയസ്സ്‌ കഴിഞ്ഞവരും ഇനി മത്സര പരീക്ഷ എഴുതാൻ കഴിയാത്തവരും പിരിച്ചുവിട്ടവരിലുണ്ട്‌. ഇത്രയും ജീവനക്കാരെ പുതിയ തസ്‌തിക സൃഷ്ടിച്ച്‌ നിയമിക്കാൻ കഴിയില്ല എന്നതിനാലാണ്‌ താൽക്കാലികക്കാരെ പരിഗണിച്ചത്‌. ഇവർക്കുപകരം ഒന്നുമുതൽ രണ്ടുലക്ഷം രൂപവരെ കൈക്കൂലി വാങ്ങി പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌.


അത്യാധുനിക സർവേ ഉപകരണങ്ങൾ ഉപയോഗിച്ചും കൂടുതൽ ജീവനക്കാരെ നിയമിച്ചും വാഹനങ്ങൾ നൽകിയും എൽഡിഎഫ്‌ സർക്കാർ ഡിജിറ്റൽ സർവേ പ്രവർത്തനം വളരെ വേഗത്തിലാക്കി. വകുപ്പിൽ 807 സ്ഥിരം ജീവനക്കാരും 2,999 താൽക്കാലിക ജീവനക്കാരും ഉൾപ്പെടെ 3,806 പേരാണുള്ളത്. ഇതിനുപുറമേ 1,338 സർവേയർമാരെയും 1,967 ഹെൽപ്പർമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിച്ച്‌ പ്രവർത്തനത്തിന്റെ വേഗംകൂട്ടി.


ഇതിനകം 600 വില്ലേജുകളുടെ സർവേ പൂർത്തിയാക്കി. 349 വില്ലേജുകളുടെ അന്തിമ വിജ്ഞാപനവും 251 വില്ലേജുകൾ വിജ്ഞാപനം കഴിഞ്ഞ് റവന്യു വകുപ്പിന് കൈമാറുകയും ചെയ്‌തു. ഇതിനിടെയാണ്‌ നൂറുദിന കർമപരിപാടിയുടെ പേരിൽ ഡിജിറ്റൽ സർവേയ്‌ക്ക് പൊടുന്നനെ വിരാമമിടുന്നത്. സ്വന്തം ഫോൺ നന്പർ ഉപയോഗിച്ച്‌ ഭൂമി കണ്ടെത്താനും എന്തെങ്കിലും മാറ്റം വരുത്തിയത്‌ കണ്ടുപിടിക്കാനും ഡിജിറ്റൽ സർവേ സഹായിക്കും. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയവയിൽ ഭൂമി ഒലിച്ചുപോയാൽ അത്‌ എവിടെയൊക്കെ ഉണ്ടായിരുന്നുവെന്നും ഇതിലൂടെ കണ്ടെത്താം. അതിർത്തിത്തർക്കങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനും സഹായിക്കുമായിരുന്നു. അതിനെയാണ്‌ രാഷ്ട്രീയ താൽപ്പര്യത്തിന്റെ പേരിൽ അട്ടിമറിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home