രാജ്യ തലസ്ഥാനത്ത് ചോദ്യമുയർത്തി 'ഇന്ത്യ'; കിരാത അടിച്ചമർത്തലിന് കേന്ദ്രം സേനയെ വിന്യസിച്ചു

ന്യൂഡൽഹി: ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ബിഎസ്‌എഫ് അടക്കമുള്ള സേനാവിഭാഗങ്ങളെ വ്യാപകമായി വിന്യസിച്ചു. ജനാധിപത്യം സംരക്ഷിക്കാൻ പോരാടുന്നവരെ ഭീകരരെയും കൊടുംക്രിമിനലുകളെയും നേരിടുന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന പ്രതിപക്ഷ എം പി-മാരടക്കമുള്ള ജനപ്രതിനിധികളെയും കർഷകരെയും യുവജനങ്ങളെയും വിദ്യാർഥികളെയും സ്‌ത്രീകളെയും അതിക്രൂരമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തുകയാണ്. സമരത്തിന്റെ പേരിൽ പ്രതിപക്ഷ നേതാക്കളടക്കം ആയിരങ്ങളെ കസ്‌റ്റഡിയലെടുത്ത് പീഢിപ്പിക്കുകയും ചെയ്യുന്നു. സേനയെ ഉപയോഗിച്ചുള്ള നരവേട്ടക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ജനാധിപത്യവിശ്വാസികൾ ഭീകരരോ?
വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന (SIR) നടപടികളിലെ ക്രമക്കേടുകൾക്കെതിരെ 'ഇന്ത്യ' (INDIA) സഖ്യത്തിലെ എംപിമാരും വിദ്യാർഥി സംഘടനകളും തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് (നിർവാചൻ ഭവൻ) നടത്തുന്ന പ്രതിഷേധം തുടങ്ങിയിട്ട് അഞ്ച് മണിക്കൂറുകൾ പിന്നിടുകയാണ്. മുൻകൂട്ടി പ്രഖ്യാപിച്ച ശേഷമാണ് പ്രതിപക്ഷം സമരത്തിനിറങ്ങിയത്. എന്നാൽ, അതിർത്തികളിലും മറ്റും ഭീകരരെ നേരിടുന്ന സമീപനമാണ് കേന്ദ്ര സർക്കാർ പ്രതിഷേധക്കാരെ അടിച്ചമർത്താൻ സ്വീകരിക്കുന്നത്.
തകരുന്ന ജനാധിപത്യത്തെ വീണ്ടെടുക്കാൻ ചോദ്യങ്ങളുമായി മുന്നോട്ടുവരുന്ന ജനങ്ങളെ ഭീകരർക്ക് തുല്യമായാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. ഇതിതിനുള്ള തെളിവാണ് രാജ്യതലസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധിക്കുന്നവരെ നേരിടാൻ കേന്ദ്ര സേനയെ വിന്യസിച്ച തീരുമാനം. അതിർത്തിയിലെ നുഴഞ്ഞുകയറ്റങ്ങളും ഭീകരപ്രവർത്തനങ്ങളും തടയേണ്ട സേനയെ രാജ്യതലസ്ഥാനത്ത് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് കേന്ദ്രം വിനിയോഗിക്കുന്നത്. ഏകദേശം 4000ത്തോളം സേനാംഗങ്ങളാണ് പ്രക്ഷോഭ സ്ഥലത്തുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രക്ഷോഭകർക്കു നേരെ ഡൽഹി പൊലീസ് അതിക്രൂര ആക്രമണം അഴിച്ചുവിട്ടിരുന്നു. പെൺകുട്ടികളെയും വനിത മാധ്യമപ്രവർത്തകരെയും കയ്യേറ്റം ചെയ്യുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാരെ മർദ്ദിക്കുകയും വലിച്ചിഴയ്‌ക്കുകയും ചെയ്ത അനീതിക്കെതിരെ പരാതി നൽകിയിട്ടും നടപടികളുണ്ടായില്ല. പകരം പരാതി നൽകാനെത്തിയവരെ കസ്റ്റഡിയിലെടുക്കുന്ന സാഹചര്യവുമുണ്ടായി.
ചോദ്യങ്ങളെ പേടിയോ?
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പാർലമെന്റ് സ്ട്രീറ്റ് സബ്‌ഡിവിഷനിൽ ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. ജന്തർ മന്തറിലും പരിസരങ്ങളിലുമായി ഡൽഹി പൊലീസ്, ആർഎഎഫ് എന്നിവയ്ക്ക് പുറമെ ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി തുടങ്ങിയ അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. കൂടാതെ ജന്തർ മന്തറിലേക്കുള്ള വഴികൾ അടയ്ച്ചു.
പട്ടേൽ ചൗക്ക്, രാജീവ് ചൗക്ക്, മണ്ഡി ഹൗസ് ഉൾപ്പെടെയുള്ള 12 മെട്രോ സ്റ്റേഷനുകളുടെ കവാടങ്ങൾ അടയ്ക്കുകയും മധ്യ ഡൽഹിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. വിവിധ സംഘടനകളുടെ പ്രമുഖ നേതാക്കളെയടക്കം 500-ലധികം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സമാധാനപരമായ മാർച്ച് തടയാൻ അതിർത്തി കാവൽ നിൽക്കേണ്ട സേനകളെയും ആയിരക്കണക്കിന് അർദ്ധസൈനികരെയും ഡൽഹിയിൽ വിന്യസിച്ചതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നുണ്ട്.
ജനാധിപത്യപരമായ പ്രതിഷേധത്തെ നേരിടാൻ ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആവശ്യമാണോ? ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കുന്ന പൗരന്മാരെ നേരിടാൻ ഇത്രയും ശക്തമായ സുരക്ഷാ സംവിധാനത്തിന്റെ ആവശ്യമുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. ജനാധിപത്യത്തിൽ പ്രതിഷേധം ഭരണകൂടത്തിനെതിരായ ശത്രുതയല്ല. അത് സുതാര്യമായ ഭരണസംവിധാനം വീണ്ടടുക്കാനുള്ള ശ്രമങ്ങളാണ്. ഭരണകൂടം അത്തരം ശബ്ദങ്ങളെ അടിച്ചമർത്തുകയല്ല, മറിച്ച് ജനങ്ങളോട് വ്യക്തമായ മറുപടികൾ പറയുകയും സ്വയം പരിശോധിക്കുകയുമാണ് വേണ്ടത്.








0 comments