ad
Deshabhimani

print edition ഒന്നാമതാണ് നമ്മൾ

kerala number one
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Mar 24, 2026, 12:01 AM | 2 min read

തിരുവനന്തപുരം: വ്യവസായത്തിന്‌ പറ്റില്ല എന്നതിൽനിന്ന്‌ ഏറ്റവും അനുയോജ്യമായ നാട്‌ എന്നതിലേക്കാണ്‌ കേരളം 10 വർഷത്തിൽ കുതിച്ചത്‌. വ്യവസായ സ‍ൗഹൃദ റാങ്കിങ്ങിൽ രാജ്യത്ത്‌ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന്‌ 2024ൽ ഒന്നാംറാങ്കിലെത്തി. 2025ലും ഒന്നാമതായി. കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയിൽ 449 കമ്പനികളാണ്‌ വ്യവസായം ആരംഭിക്കാൻ താൽപ്പര്യപത്രം കൈമാറിയത്‌. 1.81 ലക്ഷം കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചു. ഇതിൽ 115 പദ്ധതികളുടെ നിർമാണം ആരംഭിച്ചു. 54,908 കോടി രൂപയുടെ നിക്ഷേപം യാഥാർഥ്യമായി. 66,073 തൊഴിലവസരവും ഉണ്ടാകും.


സംരംഭക വർഷം പദ്ധതിയിലൂടെ 4,06,976 എംഎസ്എംഇകൾ പ്രവർത്തനം ആരംഭിച്ചു. ഇതുവഴി 8,67,017 തൊഴിലും 27,222 കോടി രൂപയുടെ നിക്ഷേപവും ഉണ്ടായി. 1,12,532 സ്ത്രീകൾ സംരംഭങ്ങൾ ആരംഭിച്ചു. 100 കോടി രൂപ നിക്ഷേപമുള്ള സംരംഭകർക്കായി മീറ്റ് ദ ഇൻവെസ്റ്റർ പരിപാടി സംഘടിപ്പിച്ച്‌ 15000 കോടി രൂപയുടെ നിക്ഷേപമെത്തിച്ചു. 51 സ്വകാര്യ വ്യവസായ പാർക്കുകൾക്ക്‌ അനുമതി നൽകിയതിൽ പത്തെണ്ണം പ്രവർത്തനം ആരംഭിച്ചു. 557 ഏക്കർ ഭൂമി ഉപയോഗിക്കാൻ സാധിച്ചു.


സംരംഭം തുടങ്ങാൻ കെ-–സ്വിഫ്റ്റ് എന്നപേരിൽ മികവുറ്റ ഏകജാലക സംവിധാനമുണ്ട്‌. സംസ്ഥാന, ദേശീയതലത്തിൽ ആവശ്യമായ 113 അനുമതികൾ ഇതുവഴി നേടാനാകും. ചുവപ്പ് വിഭാഗത്തിൽപെടാത്ത സംരംഭമാണെങ്കിൽ അപേക്ഷയിൽ 30 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാകും. 50 കോടിവരെ മുതൽമുടക്കുള്ള വ്യവസായ സംരംഭങ്ങൾക്ക് കെ സ്വിഫ്റ്റ് അക്നോളജ്‌മെന്റോടെ മൂന്നര വർഷം പ്രവർത്തിക്കാം. വകുപ്പുകളിൽനിന്ന് ആവശ്യമായ അനുമതികൾ ഇതിനുള്ളിൽ നേടിയാൽ മതിയാകും. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് ലഭിക്കും. വ്യവസായശാലകളിലെ അനാവശ്യ പരിശോധനകൾ ഒഴിവാക്കി. ഇതുവഴി അഴിമതിക്കും തടയിടാനായി. കെ–-സിസ് പോർട്ടലിലൂടെ അഞ്ചു വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു.


മെച്ചപ്പെട്ട ജോലിയടക്കംതേടി പുറത്തേക്കുപോയവർ ഇപ്പോൾ തിരിച്ചെത്തുകയാണ്‌. കഴിഞ്ഞ വർഷം മാത്രം കേരളത്തിലേക്ക് വിദേശരാജ്യങ്ങളിൽനിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നുമുള്ള 40,000 മികച്ച പ്രൊഫഷണലുകളുടെ റിവേഴ്സ് മൈഗ്രേഷൻ നടന്നു. ഇതിൽ 49 ശതമാനം വിദേശ രാജ്യങ്ങളിൽനിന്നും 51 ശതമാനം മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ് തിരികെ എത്തിയത്.


കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് സംയോജിത ഉൽപ്പാദക ക്ലസ്റ്ററിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമിയും സംസ്ഥാനം റെക്കോഡ് വേഗത്തിൽ ഏറ്റെടുത്തു. 1790 കോടി രൂപയുടെ പ്രാരംഭ നടപടികളെല്ലാം പൂർത്തിയാക്കി. രാജ്യത്താകെ അനുവദിച്ച 12 വ്യവസായ ഇടനാഴികളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ആദ്യസംരംഭമാണിത്‌.


അതിശയിപ്പിക്കുന്ന മാറ്റം


സംസ്ഥാനത്ത്‌ നിലവിലുള്ള നിക്ഷേപസൗഹൃദ അന്തരീക്ഷം കാണുമ്പോൾ നമ്മൾ കേരളത്തിൽത്തന്നെയാണോ ജീവിക്കുന്നത് എന്ന് തോന്നിപ്പോകും. അതിശയകരമായ മാറ്റമാണുണ്ടായത്. സ്വപ്നത്തിൽപ്പോലും പ്രതീക്ഷിക്കാത്തത്ര വേഗത്തിലാണ് സംരംഭം തുടങ്ങാൻ ആവശ്യമായ കാര്യങ്ങൾ സർക്കാരിൽനിന്ന് ലഭ്യമാക്കുന്നത്. ഈ സർക്കാർ കൊണ്ടുവന്ന വ്യവസായനയവും പുതിയ നിയമങ്ങളും നിയമഭേദഗതികളുമൊക്കെയാണ് ഈ അന്തരീക്ഷം ഒരുക്കിയത്. അങ്ങനെയാണല്ലോ സംസ്ഥാനം രണ്ടു വർഷം തുടർച്ചയായി വ്യവസായസൗഹൃദ റാങ്കിൽ ഒന്നാംസ്ഥാനം നേടിയത്. കേരളത്തിന് പുറത്തുള്ളവരെ ഇവിടേയ്‌ക്ക്‌ മടക്കിയെത്തിച്ച്‌ ജോലി ചെയ്യാനും സംരംഭകരാകാനും പ്രേരിപ്പിക്കുന്ന സാഹചര്യമാണ് 10 വർഷമായി സംസ്ഥാനസർക്കാർ രൂപപ്പെടുത്തിയത് - മുഹമ്മദ് അഷ്റഫ്, എംഡി, ഓട്ടോഗ്രേഡ് ഇൻഡസ്ട്രീസ്​.


ധൈര്യത്തോടെ വ്യവസായം നടത്താം


ഡാറ്റാ അനലിസ്റ്റായിരുന്ന ഞാൻ സംസ്ഥാനത്ത് വ്യവസായിയായിട്ട് നാലുവർഷമാകുന്നു. സർക്കാരിന്റെ പിന്തുണയിലാണ് കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് 70 ലക്ഷം രൂപ വായ്പയെടുത്ത് ഒരു കോടിയുടെ നിക്ഷേപം നടത്തിയത്. കെ സിഫ്റ്റ് ഏകജാലകം ഇതിന് വലിയ സഹായമായി. വ്യവസായവകുപ്പ് ഉദ്യോഗസ്ഥർ നിരന്തരമായി ബന്ധപ്പെട്ടു. പ്രോജക്‌ട്‌ തയ്യാറാക്കുന്നതിലടക്കം ഇന്റേണിന്റെ സഹായവും ലഭ്യമാക്കി. നേരായ വഴിക്കാണെങ്കിൽ, ഒരു തടസ്സവുമില്ലാതെ വ്യവസായം തുടങ്ങി മുന്നോട്ടുപോകാവുന്ന സാഹചര്യം ഇന്ന്‌ കേരളത്തിലുണ്ട്‌ - അരുൺ ശിവരാമൻ, എംഡി, ഓർലോൺ പ്ലാസ്റ്റിക്സ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home