print edition കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന നേതൃക്യാമ്പ് ; ഉണ്ണിയാടനും പുതുശേരിയും ബഹിഷ്‌ക്കരിച്ചു

ആർ രാജേഷ് [email protected]
Published on Jul 25, 2026, 12:29 AM | 1 min read
പത്തനംതിട്ട : ചരൽക്കുന്നിലാരംഭിച്ച കേരള കോൺഗ്രസ് സംസ്ഥാന നേതൃക്യാമ്പ് തോമസ് ഉണ്ണിയാടൻ എംഎൽഎയും മുൻ എംഎൽഎ ജോസഫ് എം പുതുശേരിയും ബഹിഷ്‌ക്കരിച്ചു. ഇരുവരും പാർടിയുമായി അകന്നുനിൽക്കുകയായിരുന്നു. തിരുവല്ല സീറ്റിനെ ചൊല്ലിയാണ് പുതുശേരി കലാപമുയർത്തിയത്. ഇത്തവണ സീറ്റ് നൽകുമെന്ന ഉറപ്പിലാണ് കഴിഞ്ഞതവണ താൻ മത്സരത്തിൽനിന്ന് മാറിനിന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
തന്റെ അവസാന ഉൗഴമാണെന്നും അതിനാൽ മന്ത്രിപദവി വേണമെന്നുമായിരുന്നു ഇരിങ്ങാലക്കുടയിലെ എംഎൽഎയായ തോമസ് ഉണ്ണിയാടന്റെ ആവശ്യം.എന്നാൽ സീനിയർ നേതാക്കളുടെ അഭിപ്രായത്തെ പാർടി പൂർണമായി അവഗണിക്കുകയായിരുന്നു. പാർടി പരിപാടികളിൽനിന്ന് വിട്ടുനിന്ന ഇവരെ ചെയർമാൻ പി ജെ ജോസഫ് ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ നിലപാട് മാറ്റിയില്ല. യുഡിഎഫിന് ഭരണം ലഭിച്ചപ്പോൾ ബോർഡ്, കോർപറേഷൻ തുടങ്ങിയവയുടെ സാരഥ്യം നൽകി വശത്താക്കാമെന്ന് പാർടി കണക്കുകൂട്ടി. യുഡിഎഫ് യോഗം ചേരാത്തതും കോൺഗ്രസിലെ തർക്കവും ഇതിന് വിഘാതമായി. ഇതിൽ കേരള കോൺഗ്രസ് നേതൃത്വം കടുത്ത അതൃപ്‌തിയിലാണ്. ചരൽക്കുന്നിലെ ക്യാന്പുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലും പാർടി സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം ഇതുസംബന്ധിച്ച് തുറന്നടിച്ചിരുന്നു.
തെരഞ്ഞെടുപ്പിനുശേഷം യുഡിഎഫ് യോഗം ചേരാത്തതിനാൽ പുതിയ സർക്കാരിന്റെ പ്രവർത്തനത്തെ വിശകലനം ചെയ്യാനോ അഭിപ്രായം പറയാനോ അവസരം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. ചെയർമാൻ പി ജെ ജോസഫ് ക്യാന്പ് ഉദ്‌ഘാടനംചെയ്‌തു. ശനിയാഴ്‌ച സമാപിക്കും.









0 comments