അമ്മത്തൊട്ടിലിലെ അതിഥികൾ പുതിയ ജീവിതത്തിലേക്ക്

സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി അഡ്വ. ജി എൽ അരുൺ ഗോപിയിൽ നിന്ന് കുഞ്ഞിനെ ഇറ്റാലിയൻ ദമ്പതികൾ ഏറ്റുവാങ്ങുന്നു.
തിരുവനന്തപുരം : അമ്മത്തൊട്ടിലിൽ അതിഥികളായെത്തിയ ഏഴ് കുരുന്നുകൾക്ക് ഇനി പുതിയ തണൽ. വിദേശത്തേക്കും സ്വദേശത്തേക്കുമായി ഏഴ് കുട്ടികളെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാന ശിശുക്ഷേമ സമിതി ദത്ത് നൽകിയത്. സമിതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദത്തെടുക്കൽ നടപടികളിലൊന്നിനാണ് തലസ്ഥാനം സാക്ഷ്യം വഹിച്ചത്.
രണ്ടര വയസ്സുകാരൻ ആദി, നാല് വയസ്സുകാരി തിഥി, ആറ് മാസത്തിൽ താഴെ പ്രായമുള്ള ശാരിക, നിലാവ്, അമൃത്, ഇതൾ, പ്രയാഗ് (പേരുകൾ സാങ്കൽപ്പികം) എന്നിവരാണ് അച്ഛനമ്മമാരുടെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് യാത്രയായത്.
ജീവിതത്തോട് പൊരുതി ജയിച്ചാണ് ആദി ഇറ്റലിയിലേക്ക് പറക്കുന്നത്. രണ്ട് വർഷം മുമ്പ് ആറ് മാസം മാത്രം പ്രായവും വെറും 900 ഗ്രാം തൂക്കവുമായി സമിതിയിലെത്തിയ ആദിയുടെ അതിജീവനം അത്ഭുതകരമായിരുന്നു. ആരോഗ്യപരമായ സങ്കീർണ്ണതകൾ ഏറെയുണ്ടായിരുന്ന കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാരുടെയും സമിതിയിലെ ജീവനക്കാരുടെയും അശ്രാന്ത പരിശ്രമത്തിലൂടെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പറഞ്ഞു. ഇറ്റലിയിലെ കൽസിനേറ്റ് സ്വദേശികളായ ദമ്പതികളാണ് ആദിയെ ദത്തെടുത്തത്. ആദിയുടെ പിതാവിന് ബിസിനസും മാതാവ് അധ്യാപികയുമാണ്.
നാല് വയസ്സുകാരി തിഥിക്ക് ഇനി അമേരിക്കയിലെ ലോവയിൽ പുതിയ വീട്. നിലവിൽ മൂന്ന് മക്കളുള്ള അമേരിക്കൻ ദമ്പതികൾ, തങ്ങളുടെ നാലാമത്തെ മകളായാണ് തിഥിയെ ഹൃദയത്തോട് ചേർത്തത്. സഹോദരിയെ സ്വീകരിക്കാൻ മൂന്ന് മക്കളും മാതാപിതാക്കൾക്കൊപ്പം സമിതിയിൽ എത്തിയിരുന്നു. തിങ്കളാഴ്ച ഇവർ അമേരിക്കയിലേക്ക് തിരിച്ചു.
മറ്റു അഞ്ചു കുട്ടികളിൽ നിലാവും അമൃതും കേരളത്തിലെ ദമ്പതികൾക്കൊപ്പവും ശാരിക, ഇതൾ, പ്രയാഗ് എന്നിവർ തമിഴ്‌നാട്ടിലേക്കുമാണ് യാത്രയായത്. സമിതിയിലെ അമ്മമാരും ജീവനക്കാരും വിങ്ങുന്ന മനസോടെയാണെങ്കിലും കുരുന്നുകളുടെ ശോഭനമായ ഭാവിയോർത്തുള്ള സന്തോഷത്തോടെയാണ് അവരെ യാത്രയാക്കിയത്.
നിലവിലെ ഭരണസമിതി അധികാരമേറ്റ ശേഷം ഇതുവരെ 232 കുട്ടികളെയാണ് ദത്ത് നൽകിയത്. ഇതിൽ 30 കുട്ടികൾ വിദേശത്തേക്കും 202 പേർ സ്വദേശത്തുമാണ് പുതിയ ജീവിതം കണ്ടെത്തിയത്. ഇത് സമിതിയുടെ ചരിത്രത്തിലെ തന്നെ സർവ്വകാല റെക്കോർഡാണെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി അറിയിച്ചു.










0 comments