ad
Deshabhimani

സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കും: മന്ത്രിസഭായോ​ഗ തീരുമാനം

cabinet
വെബ് ഡെസ്ക്

Published on Dec 31, 2025, 06:17 PM | 2 min read

തിരുവനന്തപുരം: ആരോഗ്യ, നീതിന്യായ മേഖലകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ജനുവരി 20 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും യോ​ഗത്തിൽ തീരുമാനമായി.


കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി 159 തസ്തികകൾ സൃഷ്ടിക്കും. ഇതിൽ 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും ഉൾപ്പെടുന്നു. ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ബയോളജി, കെമിസ്ട്രി, ഡോക്യുമെന്റ്സ് വിഭാഗങ്ങളിലായി 12 സയന്റിഫിക് ഓഫീസർ തസ്തികകൾ അനുവദിച്ചു.


തലശ്ശേരിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അധിക ബെഞ്ച് ആരംഭിക്കുന്നതിനായി 22 തസ്തികകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഇതിൽ 16 എണ്ണം പുതിയ തസ്തികകളും 6 എണ്ണം പുനർവിന്യാസവുമാണ്. ട്രൈബ്യൂണൽ പ്രവർത്തന സജ്ജമാക്കുന്നതിനായി സിവിൽ, ഇലക്ട്രിക് ജോലികൾക്കും ഓഫീസ് സംവിധാനങ്ങൾക്കുമായി തുക വകയിരുത്തി.


കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിലെ (കാംകോ) ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സായി ഏകീകരിച്ചു. കൂടാതെ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ലിമിറ്റഡിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസ്സായി ഉയർത്താനും തീരുമാനമായി.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള സാംസ്കാരിക നിലയങ്ങൾ, പഞ്ചായത്ത് ലൈബ്രറികൾ, ശിശുമന്ദിരങ്ങൾ, നഴ്സറി സ്കൂളുകൾ എന്നിവിടങ്ങളിൽ നടപടിക്രമങ്ങൾ പാലിച്ച് നിയമനം ലഭിക്കുകയും 10 വർഷമോ അതിലധികമോ സർവീസുള്ളവരുമായ ജീവനക്കാരെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. ലൈബ്രേറിയൻ, നഴ്സറി ടീച്ചർ, ആയ എന്നീ വിഭാഗങ്ങളിലുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.


കാസർഗോഡ് ജില്ലയിലെ ഉഡുപ്പി - കരിന്തളം അന്തർ സംസ്ഥാന ട്രാൻസ്മിഷൻ ലൈൻ പദ്ധതിക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് അംഗീകരിച്ചു. ഇതിന്റെ സാമ്പത്തിക ബാധ്യത കരാർ കമ്പനിയായ ഉഡുപ്പി കാസർഗോഡ് ട്രാൻസ്മിഷൻ ലിമിറ്റഡ് വഹിക്കണം. എൻഡോസൾഫാൻ മേഖലയിൽ ജോലി ചെയ്തിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ശമ്പള കുടിശ്ശിക തീർപ്പാക്കാൻ നിർദ്ദേശം നൽകി.


കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പമ്പ് സെറ്റുകൾ ഉപയോഗിച്ച വകയിലുള്ള വാടകയും ഇന്ധനച്ചെലവും ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ജില്ലാ കളക്ടർക്ക് അനുവദിച്ചു. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി സി പി മനോജ് കുമാരിനെ നിയോഗിക്കാനും തീരുമാനമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home