ad
Deshabhimani

print edition കൃഷി വളരും വിളവേറും ; കാർഷിക മേഖലയെ ശക്തിപ്പെടുത്തി സംസ്ഥാന ബജറ്റ്

Paddy Procurement
വെബ് ഡെസ്ക്

Published on Jan 30, 2026, 02:30 AM | 2 min read


കർഷകരുടെ വരുമാനം വർധിപ്പിച്ചും പച്ചക്കറി ഉൽപ്പാദനത്തിൽ റെക്കോഡിട്ടും മുന്നേറുന്ന കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി സംസ്ഥാന ബജറ്റ്. കാര്‍ഷികാനുബന്ധ മേഖലയ്‌ക്ക്‌ 2071.95 കോടിയാണ്‌ പ്രഖ്യാപിച്ചത്‌. 234.73 കോടി രൂപ കേന്ദ്ര വിഹിതമായി പ്രതീക്ഷിക്കുന്നു. മേഖലയുടെ വളര്‍ച്ചയ്‌ക്ക്‌ കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യു ചെയിന്‍ മോഡണൈസേഷന്‍ (കേര)പദ്ധതിക്ക്‌ ലോക ബാങ്ക് വായ്‌പാ സഹായത്തോടെ 100 കോടി വകയിരുത്തി. സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക്‌ 78.45 കോടിയും

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വിഎഫ്‌പിസികെയ്‌ക്ക്‌ 18 കോടിയും പച്ചക്കറി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 60.45 കോടിയും നീക്കി വച്ചു. കാര്‍ഷിക സേവന കേന്ദ്രങ്ങള്‍, കര്‍മ സേനകള്‍, കസ്റ്റം ഹിയറിങ് സെന്ററുകള്‍ എന്നിവ ശക്തിപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ച് ഒറ്റ കേന്ദ്രത്തിലൂടെ സേവനങ്ങള്‍ നല്‍കുന്ന പദ്ധതിക്കായി 10 കോടിയും അനുവദിച്ചു.


• നാളികേര വികസനത്തിനായി 73 കോടി രൂപ

• സുഗന്ധവ്യഞ്ജന വികസന പദ്ധതിയുടെ അടങ്കല്‍ 7.60 കോടി രൂപയില്‍നിന്ന് 15 കോടി രൂപയാക്കി

• പഴവര്‍ഗങ്ങളുടെ കൃഷി വിസ്‌തൃതിയും ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിന് 20.92 കോടി

• കാര്‍ഷിക സര്‍വകലാശാലയ്‌ക്കായി 78 കോടി രൂപ. മുന്‍ വര്‍ഷത്തേക്കാള്‍ രണ്ട് കോടി രൂപ അധികമാണ്

• ജൈവകൃഷിയും ഉത്തമകൃഷി രീതികളും പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക്‌ 5.25 കോടി

• ഫാമുകള്‍ മെച്ചപ്പെടുത്താൻ 13.44 കോടി രൂപ

• സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിക്കായി 33.14 കോടി രൂപ.

• ഹൈടെക്‌ പ്രിസിഷന്‍ ഫാമിങ് സംരംഭങ്ങള്‍ തുടങ്ങാന്‍ മൂന്ന് ശതമാനം പലിശ സബ്സിഡിയോടെ വായ്‌പ ലഭ്യമാക്കുന്ന പദ്ധതിക്ക്‌ 10 കോടി


നെല്ല്‌ സംഭരണം ; അടുത്ത സീസൺ മുതൽ കർഷകർക്ക്‌ നേരിട്ട്‌ പണം

സംസ്ഥാനത്ത്‌ നെല്ല്‌ സംഭരണത്തിൽ അടുത്ത സീസൺമുതൽ കർഷകർക്ക്‌ സംഭരണ സമയത്തുതന്നെ നേരിട്ട് പണം നല്‍കുന്ന പുതിയ ദ്വിതല സംഭരണ മാതൃക നടപ്പാക്കും. കേരള ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ, ഡിജിറ്റല്‍ പോര്‍ട്ടലിന്റെ മേല്‍നോട്ടത്തിലാണ്‌ പുതിയ സംവിധാനം. നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി 150 കോടി രൂപ വകയിരുത്തി. നിലവിൽ പിആർഎസ്‌ വായ്‌പയായാണ്‌ തുക നൽകുന്നത്‌. ഇതിൽ കാലതാമസം നേരിടുന്നുണ്ട്‌. ഇതിന്‌ പരിഹാരമാകും പുതിയ സംവിധാനം.


നെല്ലിന്റെ സംഭരണ വില കിലോയ്‌ക്ക്‌ 30 രൂപയായി വര്‍ധിപ്പിച്ചു. നെല്‍ക്കൃഷിക്ക് രാജ്യത്തെ ഏറ്റവും കൂടുതല്‍ സബ്സിഡികള്‍ നല്‍കുന്നത് സംസ്ഥാനത്താണ്‌. എല്ലാ സീസണിലും ഹെക്‌ടറിന് 5000 രൂപ നിരക്കില്‍ സഹായവും 1000 രൂപ നിരക്കില്‍ ഉൽപ്പാദന ബോണസും ഉടമയ്‌ക്ക്‌ 3000 രൂപ റോയല്‍റ്റിയും നല്‍കിവരുന്നു. തരിശുഭൂമിയില്‍ നെല്‍കൃഷി ചെയ്യാൻ ഹെക്‌ടറിന് 40,000 രൂപ വരെയും സഹായം നല്‍കുന്നു. കേരളത്തില്‍ 95 ശതമാനം നെല്ലും സര്‍ക്കാരാണ് സംഭരിക്കുന്നത്.


സാങ്കേതിക കൃഷിക്ക് 35 കോടി

സഹകരണമേഖലയുടെ കാർഷികപദ്ധതിയായ സാങ്കേതിക വിദ്യാധിഷ്‌ഠിതമായ കൃഷിക്കായുള്ള സഹകരണസംരംഭത്തിന് 35 കോടിരൂപ വകയിരുത്തി. പ്രാഥമിക കാർഷികവായ്‌പാ സഹകരണസംഘങ്ങളുടെ വിവിധ പദ്ധതികൾക്കായി 15.95 കോടിരൂപയും ഉൾക്കൊള്ളിച്ചു. സഹകരണ വികസന ക്ഷേമ ബോഡിന്റെ റിസ്‌ക്‌ ഫണ്ടിലേക്ക് ഏഴ് കോടിരൂപ സംസ്ഥാന വിഹിതമായി നൽകും. കാപ്കോസിന് കീഴിൽ കോട്ടയം ഏറ്റുമാനൂരിലുള്ള റൈസ് മിൽ പദ്ധതി നിർമാണത്തിന് 10 കോടിരൂപയും ബജറ്റിലുൾപ്പെടുത്തി.



പിആർഎസ്‌ 
ഒഴിവാക്കിയത്‌ ആശ്വാസം

നെല്ല്‌ സംഭരിച്ചാൽ വില കിട്ടാൻ സപ്ലൈകോ നൽകുന്ന പാഡി റസിപ്‌റ്റ്‌ ഷീറ്റ്‌ (പിആർഎസ്‌) ബാങ്കുകളിൽ കൊടുത്താൽ അതിനെ വായ്‌പയാക്കി മാറ്റുന്നത്‌ കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയാണ്‌. സിബിൽ സ്‌കോറിനെ ബാധിക്കും. പുതിയ വായ്‌പയെടുക്കാനും തടസ്സമാകും. ദേശസാൽകൃത ബാങ്കുകളുടെ ചൂഷണവലയത്തിൽനിന്ന്‌ കർഷകരെ മോചിപ്പിക്കാൻ പിആർഎസ്‌ സംവിധാനം ഒഴിവാക്കി സഹകരണസംഘങ്ങളെ നെല്ല്‌ സംഭരണവും വില വിതരണവും ഏൽപ്പിക്കാനുള്ള നിർദേശം ആശ്വാസമാണ്‌. അധ്വാനിച്ചുണ്ടാക്കിയ നെല്ലിന്റെ വില കിട്ടാൻ ബാങ്കുകളുടെ ഒ‍ൗദാര്യത്തിന്‌ കാത്തുനിൽക്കേണ്ട അവസ്ഥ മാറും.

​ഷാബുമോൻ , കർഷകൻ, എലവഞ്ചേരി
(കൊല്ലങ്കോട്‌)


പ്രതിജ്ഞാബദ്ധത 
കർഷകരോട്‌

കാർഷികമേഖലയോടും കർഷകരോടുമുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതാണ് ബജറ്റ്. വിഷരഹിത പച്ചക്കറി ഉൽപ്പാദനത്തിന് പ്രാധാന്യം നൽകിയത് കേരളീയരോടുള്ള കരുതലാണ്. ആധുനികകൃഷി പ്രോത്സാഹിപ്പിക്കുന്നത് ഉൽപ്പാദനം വർധിപ്പിക്കും. നാളികേര, നെൽ കൃഷിക്കും പ്രോത്സാഹനം നൽകുന്നതാണ് ബജറ്റ്.

അനൂപ് ചന്ദ്രൻ , (നടൻ, കർഷകൻ)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home