Deshabhimani

ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചു; ഡിഎ കുടിശ്ശിക തീർക്കും, ആദ്യ​ഗഡു ഫെബ്രുവരിയിൽ

Kerala Budget 2026
വെബ് ഡെസ്ക്

Published on Jan 29, 2026, 12:02 PM | 2 min read

തിരുവനന്തപുരം: കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക ഉപരോധത്തിനിടയിലും സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ചേർത്തുപിടിച്ച് എൽഡിഎഫ് സർക്കാർ. 12-ാം ശമ്പള പരിഷ്കരണ കമീഷൻ ധനമന്ത്രി കെ എൻ ബാല​ഗോപാൽ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.


സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ കുടിശ്ശിക പൂർണമായും തീർക്കുമെന്നും ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു. ഒരു ​ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും. നിലവിൽ അവശേഷിക്കുന്ന ഗഡുക്കൾ പൂർണമായും മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം അനുവദിക്കും. ഡിഎ. ഡിആർ കുടിശ്ശിക ഘട്ടംഘട്ടമായി കൊടുത്തുതീർക്കും. ആദ്യ ​ഗഡു ബജറ്റ് വർഷത്തിൽ തന്നെ നൽകുന്നതിന് തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.


ജീവനക്കാർക്ക് ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷൻ പദ്ധതി


സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ ൻ ബാല​ഗോപാൽ. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ഡിആർ അനുവദനീയമാക്കുകയും ചെയ്യും. നിലവിലുള്ള എൻപിഎസിൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷൻ‌ ഉണ്ടായിരിക്കുമെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചു.


ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യുന്നതിന് സംവിധാനമുണ്ടാകും. ഏപ്രിൽ ഒന്നിന് അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിൽ വരുത്തുന്നതിനുള്ള വിശദമായ മാർ​ഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച ഉത്തരവ് പുറത്തിറക്കുമെന്നും ധനമന്ത്രി പറഞ്ഞു.


പെൻഷൻ എൽഡിഎഫ് സർക്കാർ ഉറപ്പാക്കും


പങ്കാളിത്ത പദ്ധതിയിൽ പെൻഷൻ ഉറപ്പില്ലായിരുന്നു. വരുമാനത്തിന്റെ വിഹിതം വർഷങ്ങളോളം അടച്ചാലും വിരമിച്ചാൽ പെൻഷൻ ഉറപ്പില്ലാത്ത പദ്ധതി പിൻവലിക്കണമെന്ന്‌ ജീവനക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതിക്കുപകരം അഷ്വേർഡ്‌ പെൻഷൻ സ്‌കീം നടപ്പാക്കുമെന്ന്‌ കഴിഞ്ഞവർഷത്തെ ബജറ്റിൽ സർക്കാർ ഉറപ്പുനൽകിയിരുന്നു.


പങ്കാളിത്ത പദ്ധതി പിൻവലിക്കണമെന്ന നിലപാടായിരുന്നു എൽഡിഎഫിനും സർക്കാരിനും. എന്നാൽ ഇതിന്‌ തടസ്സങ്ങളുണ്ടായിരുന്നു. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം കേന്ദ്രസർക്കാർ നിശ്‌ചയിക്കുന്ന ഫണ്ട്‌ മാനേജർമാർ വഴി പെൻഷൻ ഫണ്ട്‌ റെഗുലേറ്ററി അതോറിറ്റിയിലേക്കാണ്‌ പോയിരുന്നത്‌. പദ്ധതിയിൽനിന്ന്‌ പിന്മാറിയാൽ, ഇപ്പോൾ അടച്ച തുക കേന്ദ്രസർക്കാർ തിരിച്ചുനൽകില്ല. കേരളത്തിൽ അഞ്ചരലക്ഷം ജീവനക്കാരിൽ 2.40 ലക്ഷമാണ്‌ പങ്കാളിത്ത പെൻഷൻ പദ്ധതിയിലുള്ളത്‌.


2013 ഏപ്രിലിൽ ഉമ്മൻചാണ്ടി സർക്കാരാണ്‌ പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്ക്‌ മാറുന്നതായി പ്രഖ്യാപിച്ചത്‌. കുറച്ചുവർഷം കഴിഞ്ഞാൽ പെൻഷൻകാരുടെ എണ്ണം ജീവനക്കാരുടേതിനേക്കാൾ കൂടുമെന്നും ശമ്പളംപോലും നൽകാനാകില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസ്‌ അനുഭാവ സംഘടനയായ എൻജിഒ അസോസിയേഷൻ പദ്ധതിയെ അനുകൂലിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home