print edition കൊച്ചി പഴയ കൊച്ചിയേയല്ല

എം എസ് അശോകൻ
Published on Mar 18, 2026, 12:00 AM | 2 min read
കൊച്ചി: എറണാകുളം യുഡിഎഫിന്റെ കോട്ടയെന്ന് അവകാശപ്പെടുന്നവർ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം ഓർക്കണം. 2001ൽ ഒന്നൊഴികെ 13 മണ്ഡലങ്ങളും യുഡിഎഫിനായിരിക്കെ നടന്ന 2006ലെ തെരഞ്ഞെടുപ്പിൽ പത്തിടത്ത് എൽഡിഎഫ് വിജയക്കൊടി പാറിച്ചു. മണ്ഡല പുനർനിർണയത്തിനുശേഷം 2011ൽ പതിനൊന്നിടത്ത് യുഡിഎഫ് ജയിച്ചെങ്കിൽ 2016ൽ അവരുടെ സീറ്റ് ഒമ്പതായി കുറഞ്ഞു. അഞ്ചിടത്തെ എൽഡിഎഫ് വിജയം 2021 ലും ആവർത്തിച്ചു. ജില്ലയിൽ അവസാനം രൂപംകൊണ്ട മണ്ഡലങ്ങളിൽ ഒന്നായ തൃക്കാക്കര ഒഴികെ എല്ലായിടത്തും എൽഡിഎഫ് വിജയിച്ചിട്ടുണ്ട് എന്നതും ചരിത്രം.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് മേൽക്കെ നേടിയപ്പോഴും വോട്ടുവിഹിതത്തിൽ എൽഡിഎഫ് ഗണ്യമായ വർധനയുണ്ടാക്കി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുനിലയുമായി താരതമ്യം ചെയ്യുന്പോൾ 8.28 ശതമാനത്തിന്റെ വർധന.
ഭൂരിപക്ഷം മണ്ഡലങ്ങൾ യുഡിഎഫിനൊപ്പമായിരുന്നിട്ടും ഇവിടങ്ങളിലടക്കം രണ്ട് എൽഡിഎഫ് സർക്കാരുകൾ നടപ്പാക്കിയ വികസന, ക്ഷേമപദ്ധതികൾ തന്നെയാണ് ഇൗ തെരഞ്ഞെടുപ്പിലെ ഹൈലൈറ്റ്. കിഫ്‌ബിയിലൂടെ റോഡുകളും പാലങ്ങളും സ്‌കൂൾമന്ദിരങ്ങളും ആശുപത്രി കെട്ടിടങ്ങളും ലഭിക്കാത്ത ഒരു മണ്ഡലംപോലുമില്ല. കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ, ചെല്ലാനം ടെട്രാപോഡ് കടൽഭിത്തി, എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ മാതൃ–ശിശു സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, 25 വർഷത്തെ തർക്കം പരിഹരിച്ച് പൂർത്തീകരണത്തിലേക്ക് എത്തുന്ന സീപോർട്ട്–എയർപോർട്ട് റോഡ് എന്നിങ്ങനെ എണ്ണിപ്പറയാവുന്ന വന്പൻ നേട്ടങ്ങൾ വേറെ.
അങ്കമാലി–-ശബരി റെയിൽപ്പാത നിർമാണത്തിലെ തടസ്സം നീക്കിയത് സംസ്ഥാനത്തിനാകെ നേട്ടമാണ്. കാക്കനാട്ടേക്കുള്ള കൊച്ചി മെട്രോ പാത നിർമാണം മുന്നേറുന്നു. ജലമെട്രോ കൂടുതൽ കരകളിലേക്ക് പടരുന്നു. ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനത്തിന് 300 ഏക്കർ ഭൂമിക്ക് ലാൻഡ് പൂളിങ് തുടങ്ങി. റയോൺസ് കന്പനി പ്രവർത്തിച്ചിരുന്ന പെരുന്പാവൂരിലെ ഭൂമിയിൽ കെയ്ൻസ് ടെക്‌നോളജിയുടെ 350 കോടിയുടെ നിക്ഷേപമെത്തിയതും സമീപകാല ചരിത്രം.
പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സർവ്വസമ്മതരുടെ കഴിവുറ്റ നിരയുമായാണ് എൽഡിഎഫ് മത്സരരംഗത്തുള്ളത്. സിപിഐ എം–9, സിപിഐ–2, കേരള കോൺഗ്രസ് എം–2, ഇന്ത്യൻ സോഷ്യലിസ്‌റ്റ് ജനതാദൾ–1 എന്നിങ്ങനെയാണ് മത്സരിക്കുന്നത്. ജില്ലയിൽ യുഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാർഥി നിർണ്ണയവും പൂർത്തിയാക്കാനായിട്ടില്ല.
പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പറവൂരിൽ മുതിർന്ന എ ഗ്രൂപ്പ് നേതാക്കളുടെ ഐക്യം രൂപപ്പെട്ടു. ഗ്രൂപ്പ്, സമുദായ തർക്കങ്ങളിൽ കുരുങ്ങി കൊച്ചി, വൈപ്പിൻ, തൃപ്പൂണിത്തുറ, പെരുമ്പാവൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയം കീറാമുട്ടിയായി. വോട്ടുകച്ചവടം പതിവാക്കിയ എൻഡിഎയുടെ മത്സരം ഏതാനും സീറ്റുകളിലാകും.
ജില്ലയിലെ ആകെ വോട്ടർമാർ– 24,69,794. സ്‌ത്രീകൾ– 12,66,891 , പുരുഷന്മാർ– 12,02,881, ട്രാൻസ്‌ജെൻഡർ– 22.










0 comments