സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ സജ്ജം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേൽക്കറാണ് പത്രക്കുറിപ്പിലൂടെ പട്ടിക പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceo.kerala.gov.in എന്ന വിലാസത്തിൽ പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം. വെബ്‌സൈറ്റിന് പുറമെ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) കൈവശവും സൂക്ഷ്മപരിശോധനയ്ക്കായി അന്തിമ പട്ടിക ലഭ്യമാക്കും.
അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി പരിശോധനകൾ നടത്താമെന്നും തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. മാർച്ച് 15-നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.
ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിനായി സംസ്ഥാനത്തുടനീളം 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അറിയിച്ചു.










0 comments