രാഷ്ട്രീയ ഇടപെടലിന് തിരിച്ചടി; പൊലീസിലെ ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിന് സ്റ്റേ


സ്വന്തം ലേഖകൻ
Published on May 23, 2026, 01:16 AM | 1 min read
തിരുവനന്തപുരം: പൊലീസിൽ രാഷ്ട്രീയതാൽപര്യത്തോടെ ചട്ടവിരുദ്ധമായി കൂട്ടസ്ഥലംമാറ്റം നടത്തുന്ന യുഡിഎഫ് സർക്കാരിന് കനത്ത തിരിച്ചടി. മാനദണ്ഡം പാലിക്കാതെ പൊലീസ് സംഘടനാ ഭാരവാഹികളായ നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു.
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെപിഒഎ) സംസ്ഥാന വൈസ് പ്രസിഡന്റ് ആർ കെ ജ്യോതിഷ്, കേരള പൊലീസ് അസോസിയേഷൻ (കെപിഎ) തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി വൈ അപ്പു, സംസ്ഥാന എക്സിക്യൂട്ടീവംഗം കൃഷ്ണലാൽ, സംസ്ഥാന സമിതിയംഗം നിഖിൽ എന്നിവരുടെ സ്ഥലംമാറ്റമാണ് സ്റ്റേ ചെയ്തത്. ഉത്തരവ് റദ്ദാക്കിയില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കും.
നിലവിലുള്ള സ്റ്റേഷനുകളിൽ മൂന്നുവർഷം ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിരുന്നു. ഇതുപ്രകാരം വിവിധ സ്റ്റേഷനുകളിൽ ഓപ്ഷനും നൽകി. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഈ സ്റ്റേഷനുകളിൽ ഒഴിവുണ്ടായിട്ടും പ്രതികാര നടപടിയെന്നോണം അകലേക്ക് സ്ഥലംമാറ്റി. ഈ നടപടിയാണ് സ്റ്റേ ചെയ്തത്.
ചട്ടവിരുദ്ധ കൂട്ടസ്ഥലംമാറ്റത്തിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിലും അമർഷമുണ്ട്. യുഡിഎഫ് നേതാക്കളുടെ സമ്മർദത്തിൽ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥൻ നേരിട്ട് ജില്ലാ പൊലീസ് മേധാവിമാരെ വിളിച്ച് ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ ശ്രമിക്കുകയാണ്.
യുഡിഎഫ് അനുകൂലിയും പൊലീസ് സംഘടനയുടെ മുൻ ഭാരവാഹിയുമായ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ. തങ്ങൾക്ക് താൽപര്യമില്ലാത്ത ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുമുണ്ട്.










0 comments