ad
Deshabhimani

print edition 2595 കോടിയുടെ ബൃഹദ്‌ പദ്ധതി; 
"കേര'യ്‌ക്ക്‌ തുടക്കമായി

kera project
വെബ് ഡെസ്ക്

Published on Mar 03, 2026, 01:39 AM | 1 min read


ആലപ്പുഴ

മാറുന്ന കാലാവസ്ഥയ്‌ക്കും കൃഷിരീതിക്കുമനുസരിച്ച്‌ കേരളത്തിലെ കാർഷികമേഖലയെ പരുവപ്പെടുത്തുന്ന ബൃഹദ്‌ പദ്ധതിക്ക്‌ തുടക്കമായി. സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേര (കേരള കാലാവസ്ഥ അതിജീവന കാർഷിക മൂല്യവർധിത വിപണന ശൃംഖല നവീകരണ) പദ്ധതി മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു.


കാർഷികമേഖലയിൽ കാലാവസ്ഥാനുസൃത കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാനും അനുബന്ധമേഖലയുടെ നവീകരണത്തിനും അഞ്ചുവർഷംകൊണ്ട്‌ സംസ്ഥാനത്ത്‌ നടപ്പാക്കുന്ന 2595 കോടിരൂപയുടെ പദ്ധതിയാണ് കേര. നാലുലക്ഷം കർഷകർ നേരിട്ടും 10 ലക്ഷം കർഷകർ പരോക്ഷമായും ഗുണഭോക്താക്കളാകുന്ന പദ്ധതി, 40 വർഷത്തിനിടെ കാർഷികമേഖലയിലെ ഏറ്റവും വലിയ പദ്ധതിയാണ്‌. കർഷകർ നേരിടുന്ന വിളവെടുപ്പാനന്തര നഷ്‌ടം എന്ന വലിയ പ്രതിസന്ധിയെ അതിജീവിക്കാനും പദ്ധതിയിലൂടെ സാധിക്കും.


ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി ചെയർമാൻ എസ് രാധാകൃഷ്‌ണൻ അധ്യക്ഷനായി. തരിശുഭൂമികൾ കൃഷിയോഗ്യമാക്കുന്ന നവോധൻ പദ്ധതിക്കും തുടക്കമായി. റബർ, ഏലം എന്നീ നാണ്യവിള കർഷകർക്ക്‌ പുനർനടീൽ ധനസഹായം വിതരണംചെയ്‌തു. ഉൽപ്പാദക-–വിപണന സഖ്യങ്ങളുടെ കരാർ ഒപ്പുവയ്‌ക്കലും  എംഎസ്എംഇ വെബ് പോർട്ടലിന്റെ പ്രകാശനവും നടന്നു.


നവോ-ധൻ പദ്ധതിയുടെ ഭാഗമായി കേരള അഗ്രോ ബിസിനസ്‌ കമ്പനി (കാബ്‌കോ) ഒരുക്കിയ താൽപ്പര്യപത്ര ഉടമ്പടിയിൽ കേരള അഗ്രോ മെഷീനറി കോർപറേഷനും (കാംകോ), എറണാകുളം നോർത്ത് പറവൂരിലെ പി എസ് ആദിഷ് എന്ന കർഷകനും ചേർന്ന് ഒപ്പുവച്ചു. സംസ്ഥാനത്തെ ആദ്യകർഷക ഉൽപ്പാദക-വിപണന സഖ്യത്തിന്‌ മലപ്പുറം കരുവാരക്കുണ്ട് മിരിസ്‌റ്റിക്ക മലബാർ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും എറണാകുളത്തെ കൊക്കോബീൻ ചോക്ലേറ്റ് ഫാക്‌ടറി പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് കരാർ ഒപ്പുവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home