കേര പദ്ധതി: കർഷകർക്ക് ഒരു കോടി രൂപ ധനസഹായം വിതരണം ചെയ്തു

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ഉൽപാദനക്ഷമത വർധിപ്പിക്കാനും ശേഷിയുള്ള തൈകൾ ഉപയോഗിച്ച് പുനർനടീൽ നടത്തുന്നതിന് ധനസഹായവുമായി സംസ്ഥാന സർക്കാർ. ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി തോട്ടവിള കർഷകർക്ക് ഒരു കോടി രൂപയിലധികം കൈമാറി.
റബ്ബർ ബോർഡ്, സ്‌പൈസസ് ബോർഡ്, കോഫി ബോർഡ് എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 324 അപേക്ഷകർക്കായി 198.83 ഹെക്ടർ സ്ഥലത്തേക്ക് 1,09,10,332 രൂപയുടെ ധനസഹായമാണ് നൽകിയത്. റബ്ബർ, ഏലം വിളകൾക്കാണ് ആദ്യഘട്ടത്തിൽ സഹായം അനുവദിച്ചത്. റബ്ബർ–ഏലം–കാപ്പി കർഷകർക്ക് യഥാക്രമം ഹെക്ടറിന് 75,000, 1,00,000, 1,10,000 രൂപ നിരക്കിൽ പരമാവധി രണ്ടു ഹെക്ടർവരെയാണ് സഹായം.
റബ്ബർ കൃഷി മേഖലയിൽ ആകെ 307 അപേക്ഷകളിലായി 193.88 ഹെക്ടർ സ്ഥലത്തിനാണ് തുക അനുവദിച്ചത്. തിരുവനന്തപുരത്ത് 15 അപേക്ഷകൾക്കും പത്തനംതിട്ടയിൽനിന്ന് 29 അപേക്ഷകൾക്കും കോട്ടയത്തുനിന്ന് 196 അപേക്ഷകൾക്കും മലപ്പുറത്തുനിന്ന് 42 അപേക്ഷകൾക്കും കണ്ണൂരിൽനിന്ന് 25 അപേക്ഷകൾക്കുമാണ് അനുവദിച്ചത്. ഏലം മേഖലയിൽ ഇടുക്കി ജില്ലയിൽനിന്നുള്ള 17 അപേക്ഷകളിലായി 2,47,500 രൂപയാണ് അനുവദിച്ചത്.










0 comments