ad
Deshabhimani

print edition കേരപദ്ധതി : 14 ലക്ഷം കർഷകർക്ക്‌ നേട്ടം ; ഉദ്ഘാടനം ഇന്ന്

State Incentive Bonus – SIB
വെബ് ഡെസ്ക്

Published on Mar 02, 2026, 02:45 AM | 2 min read


ആലപ്പുഴ

സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേര (കേരള കാലാവസ്ഥാ അതിജീവന കാർഷിക മൂല്യവർധിത വിപണന ശൃംഖല നവീകരണ) പദ്ധതിയിൽ നാലുലക്ഷം കർഷകർ നേരിട്ടും 10 ലക്ഷം കർഷകർ പരോക്ഷമായും ഗുണഭോക്താക്കളാകും.


സംസ്ഥാനത്തെ 23 അഗ്രോ– ഇക്കോളജിക്കൽ യൂണിറ്റുകളായി തിരിച്ച്‌ കാലാവസ്ഥാവ്യതിയാനം വിശകലനംചെയ്യും. കൃഷിഭവനുകളുടെ പിന്തുണയോടെ ക്ലൈമറ്റ്‌ സ്‌മാർട്‌ അഗ്രികൾച്ചർ (സിഎസ്‌എ) പാക്കേജുകൾ വികസിപ്പിക്കും. നെൽകൃഷിക്ക്‌ 336 കോടിയും വയനാട് ജില്ലയിലെ കാപ്പികർഷകർക്ക് 1360 ഹെക്‌ടറിന് 14.96 കോടി രൂപയും പുനർനടീൽ ധനസഹായം നൽകും. പരമാവധി രണ്ട്‌ ഹെക്ടറിനുവരെയാണ്‌ ധനസഹായം.


ജലസംഭരണിക്കും ജലസേചനത്തിനും ഹെക്‌ടറിന് 50,000 രൂപാ നിരക്കിൽ 1458 ഹെക്‌ടറിന്‌ 7.29 കോടിയും റബർ കർഷകർക്ക്‌ പുനർനടീലിന്‌ ഹെക്‌ടറിന് 75,000 രൂപ യുംനൽകും. റബറിന് 225 കോടിരൂപയുടെ സഹായം ലഭിക്കും. ഇടുക്കിയിലെ ഏലം കർഷകർക്ക്‌ പുനർനടീലിന്‌ ഹെക്‌ടറിന്‌ ഒരുലക്ഷം വീതം 3500 ഹെക്‌ടറിന്‌ 35 കോടി നൽകും. തിങ്കൾ പകൽ മൂന്നിന് ചേർത്തല വിടിഎഎം ഓഡിറ്റോറിയത്തിൽ മന്ത്രി പി രാജീവ് പദ്ധതി ഉദ്ഘാടനംചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. മന്ത്രി സജി ചെറിയാൻ റബർ, -ഏലം ഗ്രാന്റുകൾ വിതരണംചെയ്യും.


നെല്ല്‌ സംഭരണം: വില വൈകില്ല ഇന്ന്‌ അടിയന്തരയോഗം

രണ്ടാംവിള നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി ഉന്നതയോഗം വിളിച്ചു. തിങ്കൾ പകൽ 12.45ന്‌ ചേരുന്ന ഓൺലൈൻ യോഗത്തിൽ സഹകരണസംഘം രജിസ്ട്രാർ, ഭക്ഷ്യ–പൊതുവിതരണ വകുപ്പ് കമീഷണർ, സപ്ലൈകോ മാനേജിങ് ഡയറക്ടർ, പാലക്കാട്‌ ജില്ലാ കലക്ടർ എന്നിവർ പങ്കെടുക്കും. സഹകരണസംഘങ്ങൾ വഴി നെല്ലെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ 16, 19 തീയതികളിൽ നടന്ന ചർച്ചകളുടെ തുടർച്ചയാണ് യോഗം. സപ്ലൈകോ, മില്ലുകാർ, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവരുടെ ത്രികക്ഷി കരാറിനെ സംബന്ധിച്ചും അന്തിമ തീരുമാനമായേക്കും.


പൊതുമേഖലാ ബാങ്കുകളായ എസ്‌ബിഐ, കനറാ എന്നിവയെ മാറ്റിനിർത്തി സഹകരണസംഘം വഴി മറ്റ്‌ വിളകളെപ്പോലെ നെല്ലെടുത്താൽ ഉടൻ കർഷകരുടെ കൈയിൽ പണമെത്തിക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, കർഷകരുടെ രജിസ്ട്രേഷൻ വിവരങ്ങളിൽ പഴയ ബാങ്ക്‌ അക്ക‍ൗണ്ട്‌ രേഖകളാണുള്ളത്‌. അതിനാൽ, സപ്ലൈകോയ്ക്ക്‌ പിആർഎസ്‌ നൽകുന്നതിൽ സാങ്കേതിക പ്രശ്നമുണ്ട്‌.

വില നൽകുന്നതിന്‌ സംഘങ്ങളിൽ കർഷകർ അക്ക‍ൗണ്ട്‌ തുടങ്ങേണ്ടതുണ്ടോയെന്നതിൽ ആശയക്കുഴപ്പമുണ്ട്‌. സഹകരണസംഘങ്ങൾ വഴിയുള്ള നെല്ല്‌ സംഭരണം പാലക്കാട്‌ ജില്ലയിൽ പൈലറ്റ്‌ പദ്ധതിയായി നടപ്പാക്കിയശേഷം സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ്‌ സർക്കാർ തീരുമാനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home