print edition കീം മാര്‍ക്ക് സമീകരണം; വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഇനി കുറയില്ല

തിരുവനന്തപുരം : എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാര്‍ക്ക് സമീകരണത്തിലെ പുതിയ സമവാക്യത്തിന് അംഗീകാരം. മാർക്ക് ഏകീകരണ സംവിധാനം പുനഃപരിശോധിക്കാൻ നിയമിച്ച നാലംഗ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുപ്രകാരം കീം 2026 പ്രോസ്പെക്റ്റസിലെ ആവശ്യമായ ഭേദഗതികൾ വരുത്താൻ പ്രവേശന പരീക്ഷാ കമീഷണർക്ക് അനുമതി നൽകി.
വിദ്യാർഥികളുടെ മാർക്കിൽ കുറവുവരാത്ത രീതിയിലാണ് പുതിയ സമവാക്യം. എല്ലാ ബോർഡുകളിലെയും വിദ്യാർഥികൾക്ക് തുല്യനീതി ഉറപ്പാക്കുക എന്നതാണ് ഏകീകരണത്തിന്റെ ലക്ഷ്യം. സംസ്ഥാന ബോർഡും സിബിഎസ്ഇ ഉൾപ്പെടെയുള്ള ബോർഡുകളും എൻസിഇആർടി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള സിലബസാണ്. നിലവിലെ സമീകരണ രീതി അനാവശ്യ മാർക്ക് വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഇത് വിദ്യാഭ്യാസനീതിയുടെ ലംഘനമാണെന്നും സമിതി നിരീക്ഷിച്ചു.പ്ലസ്ടു മാർക്കും പ്രവേശന പരീക്ഷയുടെ മാർക്കും ചേർത്ത് 600 മാർക്കിലാണ് പോയിന്റ് നില നിശ്ചയിക്കുന്നത്.
പുതിയ മാർക്ക് ഏകീകരണത്തിലും ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് (കെമിസ്ട്രി പഠിക്കാത്തവർക്ക് കംപ്യൂട്ടർ സയൻസ്/ബയോടെക്നോളജി) എന്നിവയാണ് പരിഗണിക്കുന്നത്. ഈ വിഷയങ്ങളിൽ ഓരോ പരീക്ഷാ ബോർഡിലെയും ഉയർന്ന മാർക്കെടുത്ത് ഇതിനെ 100 മാർക്കായി പരിഗണിക്കും. അതായത് ഒരു ബോർഡിലെ ഉയർന്ന മാർക്ക് 95 ആണെങ്കില്‍ വിദ്യാർഥിക്ക് ബന്ധപ്പെട്ട വിഷയത്തിൽ 70 മാർക്ക് ലഭിച്ചാൽ അതിനെ നൂറാക്കും. അതായത് ആ വിദ്യാര്‍ഥിയുടെ 70 മാർക്ക് എന്നത് 73.68 ആകും. (70÷95x100=73.68). എൻജിനിയറിങ് റാങ്ക് പട്ടികയ്ക്ക് പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഇങ്ങനെ സമീകരിക്കും. സമീകരണത്തിലൂടെ ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന മാർക്ക് 5:3:2 അനുപാതത്തിലാണ് റാങ്ക് പട്ടികയിൽ പരിഗണിക്കുന്നത്. മുൻ വർഷങ്ങളിൽ പ്ലസ്ടു പരീക്ഷ വിജയിച്ചവരുടെ മാർക്കും ഇതേരീതിയിലാക്കും. കീമിൽ വിദ്യാർഥി നേടുന്ന മാർക്കിനെയും നോർമലൈസ് ചെയ്ത് 300 ആക്കും. ഇത് രണ്ടും ചേർത്ത് 6--00 ഇൻഡക്സ് മാർക്കിലാണ് സ്കോർ നിശ്ചയിക്കുന്നത്.
സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം: കെഎസ്ടിഎ
തിരുവനന്തപുരം : കീം 2025–26 വര്‍ഷത്തില്‍ എന്‍ജിനിയറിങ് കോഴ്സിലേക്കുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സമീകരണ പ്രക്രിയ സംബന്ധിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് കെഎസ്ടിഎ. വിദ്യാര്‍ഥിപക്ഷവും രക്ഷിതാക്കളുടെ ആശങ്ക പരിഹരിച്ചും അക്കാദമിക താല്‍പ്പര്യം മുറുകെ പിടിച്ചുമുള്ള മാര്‍ക്ക് സമീകരണ ഫോര്‍മുല ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്ത് പകരുമെന്ന് ജനറല്‍ സെക്രട്ടറി ടി കെ എ ഷാഫിയും സംസ്ഥാന പ്രസിഡന്റ് ഡി സുധീഷും പ്രസ്താവനയില്‍ പറഞ്ഞു.










0 comments