കെ സി വേണുഗോപാൽ 'റൗഡി'; നേതൃ പദവിയിലിരിക്കാൻ യോഗ്യതയില്ല: മണിശങ്കർ അയ്യർ

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണി ശങ്കർ അയ്യർ. കോൺഗ്രസിന്റെ എക്കാലത്തെയും മോശം സംഘടനാകാര്യ സെക്രട്ടറിയാണ് കെ സി വേണുഗോപാലെന്നാണ് വിമർശനം. അയാൾ ഒരു റൗഡിയാണ്. സർദാർ വല്ലഭായി പട്ടേലിനെ പോലൊരാൾ ഇരുന്ന കസേരയിലാണ് വേണുഗോപാലിനെ രാഹുൽ ഗാന്ധി ഇരുത്തിയിരിക്കുന്നതെന്നും മണിശങ്കർ അയ്യർ പറഞ്ഞു.
സമീപകാലത്തായി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് മണിശങ്കർ ഉന്നയിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ പല നടപടികളെയും ശക്തമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചിട്ടുണ്ട്. കോൺഗ്രസ് എം പി ശശി തരൂർ മോദിയുടെ മന്ത്രിയാകാനാണ് ശ്രമിക്കുന്നതെന്ന് മണിശങ്കർ വ്യക്തമാക്കിയിരുന്നു. തരൂർ ഏറ്റവും വലിയ കരിയറിസ്റ്റാണ്. യുപിഎ സർക്കാരിന്റെ മന്ത്രിയായിരുന്ന തരൂർ ഇപ്പോൾ മോദിയെ പുകഴ്ത്തുന്നു. ശശി തരൂരിനോളം തത്വദീക്ഷയില്ലാത്തെ ഒരു നേതാവിനെ കണ്ടിടില്ല. കോൺഗ്രസ് സർക്കാർ വിദേശ കാര്യമന്ത്രിയാക്കത്തതിനാൽ മോദി സർക്കാരിൽ വിദേശ കാര്യമന്ത്രിയാകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മണിശങ്കർ പറഞ്ഞു.
അതേസമയം, കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയത് കമ്യൂണിസ്റ്റുകാരാണ്. ഒരു കോൺഗ്രസുകാരനായിരിക്കുമ്പോൾ കേരളത്തിൽ യുഡിഎഫ് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഒരു ഗാന്ധിയൻ കൂടിയായതിനാൽ എനിക്ക് സത്യം പറഞ്ഞേ മതിയാകൂ. കേരളത്തിൽ എൽഡിഎഫ് ഭരണത്തിൽ തുടരും. പിണറായി വിജയൻ തന്നെ അടുത്ത മുഖ്യമന്ത്രിയാകും - മണിശങ്കർ അയ്യർ പറഞ്ഞു.










0 comments