നൈപുണ്യ പരിശീലന രംഗത്ത് ഗുണനിലവാരം ഉറപ്പാക്കാൻ 'സ്റ്റേറ്റ് ക്വാളിറ്റി സീൽ'പദ്ധതി പ്രഖ്യാപിച്ചു

നൈപുണ്യ പരിശീലന സ്ഥാപനങ്ങൾക്ക് നൽകുന്ന 'സ്റ്റേറ്റ് ക്വാളിറ്റി സീൽ' മന്ത്രി വി ശിവൻകുട്ടി അനാവരണം ചെയ്യുന്നു.
തിരുവനന്തപുരം : കേരളത്തിലെ നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ആവിഷ്കരിച്ച പുതിയ ‘അക്രഡിറ്റേഷൻ ആൻഡ് അഫിലിയേഷൻ പോളിസി' തൊഴിൽ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ദേശീയതലത്തിൽ തന്നെ ഇത്തരമൊരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പരിശീലന സ്ഥാപനങ്ങൾക്ക് നൽകുന്ന 'സ്റ്റേറ്റ് ക്വാളിറ്റി സീൽ' അനാവരണവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
സംസ്ഥാനത്തെ നൈപുണ്യ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ സംവിധാനങ്ങൾക്കൊപ്പം മികച്ച സ്വകാര്യ ഏജൻസികളെ കൂടി അണിനിരത്താനാണ് ഈ പുതിയ പോളിസി ലക്ഷ്യമിടുന്നത്. കൃത്യമായ മാനദണ്ഡങ്ങളിലൂടെയും ഗുണനിലവാര പരിശോധനയിലൂടെയും തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഇനിമുതൽ സർക്കാർ അംഗീകൃതമായ 'ക്വാളിറ്റി സീൽ' അനുവദിക്കുകയുള്ളൂ. ഇത് ഉദ്യോഗാർത്ഥികൾക്ക് മികച്ച പരിശീലന കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതിന് വലിയ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലകളിലെ പ്രാദേശിക വ്യവസായ ആവശ്യങ്ങൾ മുൻനിർത്തി തയ്യാറാക്കുന്ന 'ജില്ലാ നൈപുണ്യ വികസന പദ്ധതികളിൽ' പങ്കാളികളാകാൻ താല്പര്യമുള്ള പരിശീലന ഏജൻസികൾ ഏപ്രിൽ 15-നകം കെയിസ് വെബ്സൈറ്റ് വഴി പ്രോജക്റ്റുകൾ സമർപ്പിക്കണമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും സ്പെഷ്യൽ സെക്രട്ടറി എസ് ഷാനവാസ് അധ്യക്ഷനായി. കെയ്സ് മാനേജിംഗ് ഡയറക്ടർ സൂഫിയാൻ അഹമ്മദ് ടങ്ങിൽ സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിലെ വിദഗ്ദ്ധരും ഇരുനൂറോളം പരിശീലന ഏജൻസി പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.










0 comments