കാസർകോട് വിദ്യാർഥിയെ മർദിച്ച സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലം മാറ്റം

കാസർകോട് : പ്രധാനാധ്യാപകന്റെ മർദനമേറ്റ് പത്താംക്ലാസ് വിദ്യാർഥിയുടെ കർണപുടം തകർന്നെന്ന പരാതിയില്‍ അധ്യാപകനെതിരെ നടപടി. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപകൻ എം അശോകനെ ജിഎച്ച്എസ്എസ് കടമ്പ സ്‌കൂളിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
അധ്യാപകൻ കുട്ടിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രധാന അധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരു നടപടിയും ഒരു അധ്യാപകന്റെയോ സ്‌കൂൾ മാനേജ്‌മെന്റിന്റെയോ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ല. വിദ്യാർഥി കേന്ദ്രീകൃതമാകണം വിദ്യാഭ്യാസ പ്രവർത്തനങ്ങളെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കാസർകോട് കുണ്ടംക്കുഴി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അഭിനവ് കൃഷ്ണയെ പ്രധാനാധ്യാപകൻ എം അശോകൻ മർദിച്ചത്. അസംബ്ലിക്കിടെ കാൽ കൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. കുട്ടിയെ വേദിയിലേക്ക് വിളിക്കുകയും മറ്റു കുട്ടികളുടെയും, അധ്യാപകരുടെയും മുന്നിൽവെച്ച് അടിച്ചെന്നുമായിരുന്നു പരാതി.










0 comments