കരുവാറ്റ കൊലപാതകം; ദൃശ്യങ്ങൾ പെൺകുട്ടി വീഡിയോ കോളിൽ കണ്ടു, അരക്ഷിത ജീവിതസാഹചര്യവും കാരണമായതായി പൊലീസ്

ആലപ്പുഴ : ആലപ്പുഴ കരുവാറ്റയിൽ വയോധികനെ പതിമൂന്നുകാരി കൊലപ്പെടുത്തിയ കേസിൽ കൂടൂതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയ സുഹൃത്തുക്കളുമായുള്ള വാട്സാപ്പ് ചാറ്റ് പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ വീടിന്റെ ലൊക്കേഷൻ പെൺകുട്ടി പ്രതികൾക്ക് അയച്ചുനൽകിയിരുന്നു. ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ വീഡിയോ കോളിൽ 13കാരി കണ്ടതായി പൊലീസ് പറയുന്നു.
മുമ്പും വിഷം കൊടുത്തു കൊല്ലാനും വാഹനം ഇടിപ്പിച്ച് കൊല്ലാനും ആലോചിച്ചിരുന്നതായും പെൺകുട്ടിയുടെയും സുഹൃത്തിന്റെയും വാട്സാപ്പ് ചാറ്റിൽ നിന്ന് കണ്ടെത്തി. ചാറ്റുകളൊന്നും ഇരുവരും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നില്ല. പെൺകുട്ടിക്ക് ഐഫോണും സുഹൃത്തിന് ബൈക്കും വാങ്ങാനാണ് സ്വർണം മോഷ്ടിച്ചത്.
2017ൽ മുരുഗദോസിന്റെ സംവിധാനത്തിൽ തമിഴ്, തെലുഗു ഭാഷകളിലായി പുറത്തിറങ്ങിയ സ്പൈഡർ എന്ന സിനിമയ്ക്ക് സമാനമായ രീതിയിലാണ് കൊല നടത്താൻ പ്രതികൾ ഉദ്ദേശിച്ചിരുന്നത്. വീടിന്റെ ഒടുപൊളിച്ച ശേഷം ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു.
ശനിയാഴ്ച കൊല നടത്താനായി സ്ഥലത്തെത്തിയ പ്രതികൾ ആദ്യം ഓടുപൊളിച്ച് വീടിനുള്ളിൽ കയറാൻ ശ്രമിച്ചു. എന്നാൽ മച്ച് തടസമായി. പിന്നീട് പെൺകുട്ടി അറിയിച്ച പ്രകാരമാണ് വെന്റിലേഷൻ വഴി പ്രതികൾ അകത്തുകടന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ പ്രതികൾ പെൺകുട്ടിക്ക് സന്ദേശമയച്ചതും പൊലീസ് കണ്ടെത്തി.
അമിതമായ ഫോൺ ഉപയോഗം എതിർത്തത് പെൺകുട്ടിക്ക് കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരോട് പകയുണ്ടാകാൻ കാരണമായെന്ന് മൊഴി നൽകിയതായി പൊലീസ് പറയുന്നു. വീട്ടിലാരും തന്റെ ഇഷ്ടങ്ങൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും അച്ഛന്റെയും അമ്മയുടെയും സ്‌നേഹം അറിഞ്ഞിട്ടില്ലെന്നും പെൺകുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി മനശാസ്‌ത്ര വിദഗ്‌ധരുടെ സഹായത്തോടെ വിശദമായി ചോദ്യം ചെയ്യും.










0 comments