print edition കർക്കടക വാവുബലി: ദേവസ്വം ബോർഡ് 3000 ജീവനക്കാരെ നിയോഗിക്കും

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രങ്ങളിലെ കർക്കടക വാവുബലിയുമായി ബന്ധപ്പെട്ട് 1000 സ്ഥിരംജീവനക്കാരെയും രണ്ടായിരത്തിലധികം താൽക്കാലിക ജീവനക്കാരെയും പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കും.
തിരക്ക് നിയന്ത്രിക്കാൻ 750 രൂപ ദിവസവേതനത്തിൽ വിമുക്തഭടന്മാരുടെ സേവനം ഉറപ്പാക്കാനും ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന യോഗം തീരുമാനിച്ചു.
നൂറിലധികം മറ്റ് ക്ഷേത്രങ്ങളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിൽ വാവുബലി തർപ്പണമുണ്ട്. ഇവിടങ്ങളിൽ അസിസ്റ്റന്റ് ദേവസ്വം കമീഷണർമാർക്കാകും ഏകോപനച്ചുമതല. കർക്കടക വാവിന് ഒരാഴ്‌ച മുമ്പുതന്നെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കും.
പൊലീസ്, ഫയർഫോഴ്സ്, കെഎസ്ആർടിസി, വിനോദസഞ്ചാര വകുപ്പുകളുമായി ചേർന്ന് തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തും. തർപ്പണം നടക്കുന്ന കടൽത്തീരങ്ങളിൽ ലൈഫ് ഗാർഡുകളുണ്ടെന്ന് ഉറപ്പാക്കും.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുംമുഖം കടപ്പുറം, വർക്കല കടപ്പുറം, കൊല്ലം തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം, ആലുവ മണപ്പുറം എന്നിവിടങ്ങളിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന്റെയും നടത്തിപ്പിന്റെയും ചുമതല സ്‌പെഷ്യൽ ഓഫീസർമാർക്കായിരിക്കും.
ഡെപ്യൂട്ടി ദേവസ്വം കമീഷണർമാരെ സ്പെഷ്യൽ ഓഫീസർമാരായി നിയമിച്ചു.
പ്രസിഡന്റ് കെ ജയകുമാർ അധ്യക്ഷനായി. അംഗങ്ങൾ കെ രാജു, പി ഡി സന്തോഷ്‌കുമാർ, ദേവസ്വം കമീഷണർ ബി സുനിൽകുമാർ, ബോർഡ് സെക്രട്ടറി ദീപ എന്നിവർ പങ്കെടുത്തു.










0 comments