അധ്യാപക അഭിമുഖത്തിൽ വേണ്ടപ്പെട്ടവർ വന്നില്ല: ഇന്റർവ്യൂ ഫലംവൈസ് ചാൻസലർ റദ്ദാക്കി


സ്വന്തം ലേഖകൻ
Published on Jun 28, 2026, 10:27 AM | 1 min read
കണ്ണൂർ
: കണ്ണൂർ സർവകലാശാല നിയമപഠന വകുപ്പിൽ താൽക്കാലിക അധ്യാപകർക്കുള്ള അഭിമുഖത്തിൽ സ്വന്തക്കാരില്ലാത്തതിനാൽ വകുപ്പ് മേധാവിയെത്തന്നെ മാറ്റി വിസിയും ഡീനും. അധ്യാപക അഭിമുഖത്തിൽ വേണ്ടപ്പെട്ടവർ വന്നില്ല എന്ന് കണ്ടതോടെ ഇന്റർവ്യൂ ഫലംതന്നെ വൈസ് ചാൻസലർ റദ്ദാക്കി. പുതിയ മേധാവിയെ ഉപയോഗിച്ച് വീണ്ടും അഭിമുഖം നടത്തി സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള നീക്കത്തിലാണ് ഗവർണറുടെ നോമിനിയായെത്തിയ വൈസ് ചാൻസലറും ഡീനും. താൽക്കാലിക അധ്യാപക നിയമനങ്ങളില്ലൊം ഇത്തരം തിരുകിക്കയറ്റൽ വ്യാപകമാണെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.
സംഘപരിവാർ ബന്ധമുള്ളവരെ പ്രധാന അധികാര സ്ഥാനത്തെത്തിക്കാനുള്ള ഗൂഢനീക്കവും സജീവമാണ്.
സിൻഡിക്കറ്റിന്റെപോലും അനുമതി വാങ്ങാതെ സംസ്‌കൃതത്തിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങാനുള്ള നീക്കവുമുണ്ട്. ഇത്തരം കോഴ്സിന്റെ മറവിൽ കൂടുതൽ സംഘപരിവാർ അനുകൂലികളെ സർവകലാശാലയിലെത്തിക്കാനാണ് ശ്രമം. ഇത്തരത്തിലുള്ള ഇടപെടലിന് പഠനവിഭാഗങ്ങൾ വഴങ്ങാത്തതിനെത്തുടർന്ന് സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ് വഴിയാണ് കോഴ്സ് തുടങ്ങുന്നത്. ഇതിനായി കോൺഗ്രസ് അനുകൂല അധ്യാപകസംഘടനാ നേതാവിനെ സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.
സിൻഡിക്കറ്റ് ശക്തമായി പ്രതിരോധിച്ച പല കാര്യങ്ങളും യുഡിഎഫ് അധ്യാപകസംഘടനകളെ കൂട്ടുപിടിച്ച് ഭരണ മാറ്റത്തിന്റെ മറവിൽ വിസി നടപ്പാക്കുന്നതായും ആക്ഷേപമുണ്ട്. പോണ്ടിച്ചേരി സർവകലാശാലയിൽനിന്ന് വിസി പ്രത്യേക താൽപ്പര്യമെടുത്ത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കൊണ്ടുവന്ന ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറാണ് ഇപ്പോൾ അധ്യാപകപരിശീലന കേന്ദ്രത്തിന്റെ ഡയറക്ടർ. വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയതിന് നടപടി നേരിട്ട ഇയാളെ, പ്രധാന സ്ഥാനങ്ങളിൽ വിസി നിയമിച്ചത് ആർഎസ്‌എസ് ശുപാർശയിലാണ്.











0 comments