print edition കൂരയില്‍ നിന്ന് ഫ്ലാറ്റിലേക്ക്; ഇനി നല്ല കാലം

സുപ്രിയ സുധാകർ
Published on Feb 24, 2026, 01:32 AM | 1 min read
കണ്ണൂർ: നരിക്കോട്ടെ തച്ചൻവീട്ടിൽ ശാന്തയുടെ ഓർമകളിൽ വീട് വയ്‌ക്കാനുള്ള സ്ഥലം തേടിയലഞ്ഞ് മനംമടുത്ത ദുരിതകാലം തിരയടിക്കുന്നുണ്ട്. മറച്ചുകെട്ടിയ കൂരയിൽ രണ്ട് പെൺമക്കളുമായി മഴക്കാലം കഴിച്ചുകൂട്ടിയ ജീവിതം ഇവിടെ മാറുകയാണ്. അടച്ചുറപ്പുള്ള വീട് മണ്ണോടുചേരുന്ന കാലം വരെ സ്വപ്‌നം മാത്രമെന്ന് കരുതിയ നാളുകളിലാണ് ജില്ലാപഞ്ചായത്ത് ലൈഫിൽ ഉൾപ്പെടുത്തി ഏഴോത്ത് പണിത ഫ്ലാറ്റിനായി കുടുംബം തെരഞ്ഞെടുക്കപ്പെടുന്നത്.
ഭർത്താവിന്റെ അമ്മ പാറുവിന്റെ കൈയും പിടിച്ച് ഫ്ലാറ്റ് കാണാനെത്തുമ്പോൾ ശാന്തയുടെ ഉള്ളിൽ സന്തോഷവും അഭിമാനവും. ഭർത്താവ് ബാബുവും ഇളയമകൾ അക്ഷിതയും ശാന്തയുമാണ് ഫ്‌ളാറ്റിൽ താമസത്തിനൊരുങ്ങുന്നത്. മൂത്ത മകൾ വിസ്‌മയയുടെ വിവാഹം കഴിഞ്ഞു. ഏഴോത്തെ ഫ്ലാറ്റിലേക്ക് 24 കുടുംബങ്ങളാണ് പടികയറിയെത്തുക.
‘ കേറിക്കിടക്കാൻ അടച്ചുറപ്പുള്ള വീട് വേണമെന്നായിരുന്നു ആശ.
കിട്ടിയത് എല്ലാ സൗകര്യങ്ങളുമുള്ള ഫ്ലാറ്റാണ്. ആരോടൊക്കെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല. ഞങ്ങളുടെ വേവലാതി ആരൊക്കെയോ കണ്ടു’’– ശാന്തയുടെ വാക്കുകളിൽ ചേർത്തുനിർത്തിയ സർക്കാരിനോടുള്ള സ്നേഹം നിറയുന്നു. പട്ടികജാതി കുടുംബങ്ങൾക്കായാണ് ഏഴോം കണ്ണോംചാലായിലെ ഫ്ലാറ്റ് സമുച്ചയം പണിതത്. വകുപ്പിന്റെ സ്ഥലത്ത് നാലു കോടി രൂപ ചെലവിലാണിത്.











0 comments