print edition കണ്ണൂർ സൈബർ പൊലീസിന് പൊൻതൂവൽ; എസ്എംഎസിൽ തുടക്കം, മൊത്തം തൂക്കി മടക്കം

എൻ കെ സുജിലേഷ്
Published on Apr 19, 2026, 12:00 AM | 2 min read
കണ്ണൂർ: ഒരേയൊരു എസ്‌എംഎസ്. അവിടെ തുടങ്ങിയ അന്വേഷണമാണ് കണ്ണൂർ സിറ്റി സൈബർ പൊലീസിനെ നോയ്ഡയിലെത്തിച്ചത്. അവിടെത്തിയിട്ടും എളുപ്പമായിരുന്നില്ല. എന്നാൽ, സമർഥവും കൃത്യവുമായ നീക്കത്തിലൂടെ, വെല്ലുവിളിയും ഭീഷണിയും മറികടന്ന് സംഘത്തെ പൊലീസ് കണ്ണൂരിലെത്തിച്ചു.
അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിധിൻരാജിന്റെ ഫോണിലേക്ക് വന്ന എസ്‌എംഎസിന്റെ ഉറവിടം അന്വേഷിച്ചതിലൂടെയാണ് നോയ്‌ഡയിലെ ലോൺആപ് സ്ഥാപനത്തിന്റെ ബിൽഡിങ് നന്പർ ലഭിച്ചത്.
നോയ്ഡയിലെത്തിയ കണ്ണൂർ സൈബർ ക്രൈം സ്റ്റേഷൻ എസ്‌ഐ എസ് വി മിഥുനും സിപിഒ സുനിൽ കുയിലൂരും ബിജൻരാജുമടങ്ങുന്ന സംഘം കെട്ടിടം കണ്ടെത്തിയെങ്കിലും തിരിച്ചറിയാനാകുന്ന ഒരടയാളവും ഉണ്ടായിരുന്നില്ല. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യനോട്ടീസിലെ നന്പർ തുന്പാക്കിയാണ് പ്രതിദിനം ലക്ഷങ്ങൾ മറിയുന്ന ലോൺആപ് സ്ഥാപനത്തിലേക്ക് കേരള പൊലീസ് കയറിയത്.
ജോലിക്കാരെ ആവശ്യമുണ്ടെന്ന പോസ്റ്ററിൽ കണ്ട നന്പറിന്റെ വിവരം എടുത്ത സംഘം ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ സ്ഥാപനത്തിന്റെതാണ് നോട്ടീസെന്ന് കണ്ടെത്തി. നേരത്തേ എസ്‌എംഎസിലൂടെ കിട്ടിയ നന്പറും ഇതേ സ്ഥാപനത്തിന്റേതാണെന്ന് വ്യക്തമായി. നോയ്ഡ കമീഷണറുമായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജ് സംസാരിച്ചതോടെ സഹായത്തിനായി ആറ് പൊലീസുകാരെ വിട്ടുനൽകി.
കോൾ കണക്‌ഷന് സോഫ്‌റ്റ്‌വെയർ, സിം ബോക്‌സ്
സ്ഥാപനത്തിനുള്ളിലേക്കു കയറിയ പൊലീസ് സംഘത്തെ ഞെട്ടിക്കുന്ന സംവിധാനങ്ങളായിരുന്നു. ഐടി പാർക്കിന്റെ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 40പേർ ജോലിചെയ്തിരുന്നു. ഒരേസമയം 40 സിം ഉപയോഗിക്കാൻ കഴിയുന്ന നിരവധി സിം ബോക്‌സുകളാണ് ഉപയോഗിച്ചിരുന്നത്. ഇവ സെർവറുമായി ഘടിപ്പിച്ചിരുന്നു.
പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ് വായ്പാഅപേക്ഷകരുടെ കോളും തിരിച്ചടവിനുള്ള കോളുകളും കൈകാര്യം ചെയ്തിരുന്നത്. തിരിച്ചടവ് വൈകുന്നവരെ ഭീഷണിപ്പെടുത്തി അടപ്പിക്കുന്നതായിരുന്നു രീതി. സോഫ്‌റ്റ്‌വെയറാണ് കോൾ കണക്‌ട് ചെയ്യുക. വായ്പയെടുത്തയാൾ ഭീഷണികോൾ ബ്ലോക്കുചെയ്‌താൽ അടുത്ത നന്പറിൽനിന്ന് കോൾ പോകും.
ഇൻസ്‌റ്റന്റ് ഫണ്ട്‌സിന്റെ ഓപറേഷൻ, മാർക്കറ്റിങ്, മാനേജിങ് വിഭാഗത്തിലെ മാനേജർമാരാണ് പിടിയിലായത്. ഉടമ മനോജ് തിവാരിയെ പൊലീസ് വിളിപ്പിച്ചെങ്കിലും വരാൻ തയ്യാറായില്ല. പിന്നാലെ ഇയാളുടെ ആൾക്കാൾ സ്ഥാപനത്തിനു പുറത്തെത്തി ഭീഷണിക്കും കൈയാങ്കളിക്കും മുതിർന്നു. അതിസാഹസികമായാണ് പ്രതികളെ നോയ്‌ഡ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്.
36 ശതമാനം പലിശ
എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ് ‘ഇൻസ്‌റ്റന്റ് ഫണ്ട്‌സ്’ പ്രവർത്തിക്കുന്നത്. 15,000 രൂപ വായ്പയെടുക്കുന്നയാളിൽനിന്ന് പലയിനങ്ങളിലായി 4,500 രൂപയോളം ഇവർ ആദ്യംതന്നെ പിടിച്ചിരുന്നു. 36 ശതമാനം പലിശയാണ് ഇൗടാക്കിയിരുന്നത്. തിരിച്ചടവ് വൈകുന്ന ഓരോ ദിവസത്തിനും 450 രൂപ പിഴയും ഇൗടാക്കും. 38,000 പേരാണ് നിലവിൽ വായ്‌പയെടുത്തിട്ടുള്ളത്.










0 comments