ad
Deshabhimani

ചരിത്രം ഓർമിപ്പിക്കാൻ കണ്ണൂരിൽ 
ജയിൽ മ്യൂസിയം വരുന്നു

Kannur central jail museum
avatar
വിനോദ്‌ പായം

Published on Jun 09, 2025, 10:37 AM | 1 min read

കണ്ണൂർ: ചരിത്രരേഖകളും മറ്റും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ കണ്ണൂർ സെൻട്രൽ ജയിലിനോടുചേർന്ന്‌ മ്യൂസിയം സ്ഥാപിക്കുന്നു. ഇതിനുള്ള വിശദനിർദേശം ജയിൽ അധികൃതർ സർക്കാരിന്‌ സമർപ്പിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ പുരാരേഖകൾ സംരക്ഷിക്കാൻ നടപടികളെടുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം കണ്ണൂരിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ അറിയിച്ചിരുന്നു. കേരള രാഷ്‌ട്രീയത്തിലെ ആരും തുറക്കാത്ത രേഖക്കോട്ടകൂടിയായ കണ്ണൂർ സെൻട്രൽ ജയിലിന്റെ നിഗൂഢതകൾ 2025 മെയ്‌ 25ന്‌ ദേശാഭിമാനി വാരാന്തത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.


1921ലെ മലബാർ കലാപം, കയ്യൂർ സഖാക്കളെ തൂക്കിലേറ്റൽ തുടങ്ങി അടിയന്തരാവസ്ഥക്കാലംവരെയുള്ള രാഷ്ട്രീയ, ചരിത്ര സന്ദർഭങ്ങളുടെ അനേകം തെളിവുകൾ ജയിലിലുണ്ട്‌. ഇവ ശാസ്‌ത്രീയമായി സംരക്ഷിച്ച്‌ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി പ്രദർശിപ്പിക്കുന്ന മ്യൂസിയമാണ്‌ ഉദ്ദേശിക്കുന്നത്‌. ജയിൽ മ്യൂസിയം നിർമാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്‌ കെ വി സുമേഷ്‌ എംഎൽഎ സർക്കാരിന്‌ കത്ത്‌ നൽകിയിട്ടുണ്ട്‌.

ഇക്കാര്യം പരിശോധിക്കാൻ ജയിൽ അധികൃതരോട്‌ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ നിർദേശിച്ചു.

DESHABHIMANI WEEKEND ARTICLEകണ്ണൂർ സെൻട്രൽ ജയിലിന്റെ ചരിത്രത്തെക്കുറിച്ച്‌ 2025 മെയ്‌ 25ന്‌ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം

ജയിലിന്റെ മുഖ്യഗേറ്റിന്‌ ഇടതുവശത്ത്‌, എ കെ ജിയടക്കമുള്ള നേതാക്കൾ തടവിൽകിടന്ന മുറിയുള്ള, ക്വാറന്റൈൻ ഇരുനിലക്കെട്ടിടമാണ്‌ മ്യൂസിയമാക്കാൻ ഉദ്ദേശിക്കുന്നത്‌. അതിലേക്ക്‌ പുറത്തുനിന്നുതന്നെ വഴിയൊരുക്കിയാൽ ഒരേക്കർ സ്ഥലത്ത്‌ മികച്ച ജയിൽ മ്യൂസിയം സജ്ജമാകും. കെട്ടിടത്തിനുപിറകിലും കൂറ്റൻ മതിലുള്ളതിനാൽ സുരക്ഷാ പ്രശ്‌നമില്ല. അതോടൊപ്പം, അന്തേവാസികൾ നിർമിച്ച ജയിൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന, കഫറ്റേരിയ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തും. ഭാവിയിൽ അന്തമാൻ ജയിൽ മാതൃകയിൽ വിനോദസഞ്ചാരികൾക്ക്‌ ‘തടവനുഭവം’ സാധ്യമാക്കുന്നതരം സെല്ലുകളും ഇവിടെ ഉദ്ദേശിക്കുന്നുണ്ട്‌. ഇതിന്‌ പാകത്തിലുള്ള, നൂറ്റാണ്ട്‌ പഴക്കമുള്ള അസൽ ജയിൽമുറികൾ ഈ കെട്ടിടത്തിലുണ്ട്‌. ഒരുകാലത്ത്‌ ബ്രീട്ടീഷുകാർ നേരിട്ട്‌ ഭരിച്ച കണ്ണൂർ സെൻട്രൽ ജയിൽ 1869ലാണ്‌ സ്ഥാപിച്ചതെങ്കിലും 1864 മുതലുള്ള രേഖകൾ കണ്ടെടുത്തിട്ടുണ്ട്‌. പള്ളിക്കുന്ന്‌ ദേശീയപാതയ്‌ക്കരികിൽ 91.32 ഏക്കറിലാണ്‌ ജയിലുള്ളത്‌. ഒരേസമയം രണ്ടുപേരെ തൂക്കിക്കൊല്ലാൻ സൗകര്യമുള്ള ഒരേയൊരു ജയിൽകൂടിയാണിത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home