print edition കളമശേരിയിലെ മാറ്റമാണ് മാറ്റം

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍
എം എസ് അശോകൻ
Published on Mar 28, 2026, 02:44 AM | 2 min read
കൊച്ചി: അഞ്ചുവർഷത്തിനിടെ അമ്പതാണ്ടിന്റെ മുന്നേറ്റമുണ്ടാക്കിയാണ് കളമശേരിയുടെ കുതിപ്പ്. വമ്പൻ വ്യവസായ, കാർഷിക സംരംഭങ്ങളും റോഡുകളും ആശുപത്രി മന്ദിരങ്ങളും കുടിവെള്ളപദ്ധതികളും മുതൽ ഹൈടെക് ബസ് കാത്തിരിപ്പുകേന്ദ്രംവരെ നീളുന്നു മണ്ഡലത്തിന്റെ മുഖഛായമാറ്റം. അഞ്ചുവർഷത്തിനിടെ 4000 കോടിയുടെ വികസന, ക്ഷേമ പദ്ധതികൾ യാഥാർഥ്യമായ മണ്ഡലം. കളമശേരിയിലെ കന്നിവിജയത്തിലൂടെ എൽഡിഎഫ് മന്ത്രിസഭയിൽ വ്യവസായമന്ത്രിപദം അലങ്കരിച്ച പി രാജീവിലൂടെയാണ് മണ്ഡലം ഇൗ മുന്നേറ്റം കൈവരിച്ചത്. രാഷ്‌ട്രീയ എതിരാളികളും ഇത് സമ്മതിക്കുന്നു.
2011ൽ മണ്ഡലം രൂപപ്പെട്ടതുമുതൽ രണ്ടുതവണ യുഡിഎഫിനൊപ്പമായിരുന്നു കളമശേരി. സിറ്റിങ് എംഎൽഎ വി കെ ഇബ്രാഹിംകുഞ്ഞിന് 2021ൽ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ മകൻ വി ഇ അബ്‌ദുൾ ഗഫൂറിനെ അദ്ദേഹം രംഗത്തിറക്കി. എന്നാൽ, അഴിമതിക്കും കുടുംബവാഴ്‌ചയ്‌ക്കുമെതിരെ കളമശേരി വിധിയെഴുതി. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും ഏലൂർ നഗരസഭയിലും യുഡിഎഫിന് വൻ ഭൂരിപക്ഷമുണ്ടായിരുന്ന കളമശേരി നഗരസഭയിലും പി രാജീവ് വ്യക്തമായ ലീഡ് നേടി. 15,336 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം സ്വന്തമാക്കി.
പി രാജീവ് ജനപ്രതിനിധിയാകുന്നതിനുമുമ്പ് മണ്ഡലം വികസനമുരടിപ്പിലായിരുന്നു. ഇപ്പോൾ ചിത്രം പാടെ മാറി. തരിശുകിടന്ന ഏക്കറുകളോളം കൃഷിഭൂമി കതിരണിയിച്ചു.
തർക്കത്തിലും കോടതി വ്യവഹാരത്തിലും കുടുങ്ങിയ സീപോർട്ട്–എയർപോർട്ട് റോഡ് നിർമാണം പൂർത്തിയാക്കാൻ വഴിതുറന്നു, ഗവ. മെഡിക്കൽ കോളേജിലേക്ക് മെച്ചപ്പെട്ട റോഡും ഗതാഗതസൗകര്യങ്ങളുമായി. എട്ടുനിലകളിൽ മാതൃ–ശിശു സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉയർന്നു, കൊച്ചിൻ ക്യാൻസർ സെന്ററിന് കൂറ്റൻ കെട്ടിടം യാഥാർഥ്യമായി. കുന്നുകര– കരുമാല്ലൂർ കുടിവെള്ള പദ്ധതി, എലൂരിലും കളമശേരിയിലും അമൃത് പദ്ധതി, ആലങ്ങാടും കരുമാല്ലൂരും ജൽജീവൻ പദ്ധതി തുടങ്ങിയവയെല്ലാം പി രാജീവ് ജനപ്രതിനിധിയായശേഷമുള്ള നേട്ടങ്ങളാണ്. കുസാറ്റിലെ സിന്തറ്റിക് ട്രാക്കും കങ്ങരപ്പടി, വട്ടേക്കുന്നം സ്‌റ്റേഡിയങ്ങളും ഇന്ന് വികസനസാക്ഷ്യങ്ങളായി കൺമുന്നിലുണ്ട്.
വിവിധ സിഎസ്‌ആർ ഫണ്ടുകൾ വിനിയോഗിച്ച് എല്ലാ സ്‌കൂളുകളിലും പ്രഭാതഭക്ഷണം, കുടിവെള്ളത്തിന് ആർഒ പ്ലാന്റ്, വിധവകൾ നാഥരായ 24 കുടുംബങ്ങൾക്ക് സ്‌നേഹവീട് എന്നിവയും രാജീവിന്റെ സംഭാവനകളാണ്. അഞ്ചുവർഷത്തിനിടെ കേരളത്തിന്റെ വ്യവസായരംഗത്തെ ഗുണപരമായ മാറ്റങ്ങൾ കളമശേരിയിലും ഉണ്ടായി. ജുഡീഷ്യൽ സിറ്റിയും അദാനി ലോജിസ്‌റ്റിക് പാർക്കും സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ടും ഉൾപ്പെടെ വൻകിട പദ്ധതികൾക്കും തുടക്കമായി.
ഇക്കുറിയും പി രാജീവിന്റെ പ്രധാന എതിരാളി മുസ്ലിം ലീഗിലെ വി ഇ അബ്‌ദുൾ ഗഫൂർ തന്നെ. മണ്ഡലത്തിലെ കണ്ണഞ്ചിപ്പിക്കുന്ന മാറ്റത്തിന്റെ അതിവർഷത്തിൽ നിരായുധരാണ് യുഡിഎഫ് പാളയം. മണ്ഡലത്തിന്റെ വികസനവും ക്ഷേമവും മുൻനിർത്തി മിണ്ടാൻപോലുമാകാത്ത അവസ്ഥ.
അവസാന അടവെന്നനിലയിൽ അഴിച്ചുവിട്ട നുണപ്രചാരണങ്ങളും ലക്ഷ്യം കാണാതെ ഒടുങ്ങുന്നു. അതിനെല്ലാം അപ്പുറമാണ്, സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തുടരുന്ന പ്രശ്‌നങ്ങൾ. കളമശേരി സീറ്റ് വച്ചുമാറാൻ കോൺഗ്രസ് നേതൃത്വം ഏറെ ശ്രമിച്ചെങ്കിലും ലീഗ് വഴങ്ങിയില്ല. അതിന്റെകൂടി ഭാഗമാണ് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥി തീരുമാനം വൈകിയത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ലീഗിനുള്ളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളും തുടരുന്നു. എൻഡിഎയുടെ സ്ഥാനാർഥി ബിഡിജെഎസിലെ എം പി ബിനുവാണ്.










0 comments