ഗവർണറെ വരവേൽക്കാൻ പട്ടാളച്ചിട്ട: വിവാദ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല

കാലടി സംസ്‌കൃത സർവകലാശാല
കൊച്ചി: കാലടി സംസ്‌കൃത സർവകലാശാല ആസ്ഥാനത്ത് ഗവർണർ ഉദ്‌ഘാടകനായെത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് പട്ടാളച്ചിട്ടയിൽ പെരുമാറ്റച്ചട്ടം അടിച്ചേൽപ്പിച്ച സംഭവത്തിൽ മലക്കംമറിഞ്ഞ് വൈസ്‌ചാൻസലർ. കർശന നിബന്ധനകൾ ഉൾപ്പെടുത്തി പുറത്തിറക്കിയ വിവാദ സർക്കുലർ പിൻവലിച്ച് ഞായറാഴ്‌ച സർവകലാശാല വാർത്താകുറിപ്പ് ഇറക്കി. ചൊവ്വാഴ്ച ശ്രീശങ്കര ജയന്തി ആഘോഷം ഉദ്‌ഘാടനത്തിനാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സർവകലാശാലയിൽ എത്തുന്നത്.
മൂന്ന് നിർദേശങ്ങൾ മാത്രം ഉൾപ്പെടുത്തി രജിസ്‌ട്രാർ ഡോ. മോത്തി ജോർജാണ് പുതിയ സർക്കുലർ ഇറക്കിയത്. പരിപാടിയിൽ പങ്കെടുക്കുന്നവർ ചൊവ്വ രാവിലെ 10.30നുമുന്പ് എത്തി യഥാസ്ഥാനങ്ങളിൽ ഇരിക്കണമെന്നും ഗവർണർ ഹാളിലേക്ക് എത്തുംമുമ്പ് എല്ലാവരും മൊബൈൽ ഫോണുകൾ നിശ്ശബ്ദമാക്കണമെന്നും ഗവർണർ എത്തിയാൽ പരിപാടി അവസാനിക്കുന്നതുവരെ ആരും ഹാൾ വിട്ട് പുറത്തുപോകാൻപാടില്ലെന്നുമാണ് പുതിയ നിർദേശങ്ങൾ.
പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽപ്പോലും പതിവില്ലാത്ത കർശന നിബന്ധനകളാണ് ഗവർണറുടെ സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്‌ച പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്. ഗവർണർ വരുന്പോഴും മടങ്ങുന്പോഴും സദസ്സാകെ എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിക്കണമെന്നും ഗവർണറുടെ പ്രസംഗത്തിനുശേഷം നിയന്ത്രിത രീതിയിൽമാത്രമെ കൈയടിക്കാവൂ എന്നതുൾപ്പെടെയുള്ള നിബന്ധനകളാണ് വിവാദമായത്.
സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി മാർച്ച് ആദ്യവാരമാണ് ഡോ. കെ കെ ഗീതാകുമാരിയെ നീക്കി സിസ തോമസിനെ ഗവർണർ വിസിയായി നിയമിച്ചത്. ഇതിനുശേഷം ഗവർണർ സർവകലാശാലയിൽ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണ് ചൊവ്വാഴ്‌ചത്തേത്.










0 comments