'ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എഴുന്നേറ്റ് നിൽക്കണം'; സർക്കുലർ വിവാദമായതോടെ പിൻവലിച്ച് കാലടി സർവകലാശാല

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് വിസി പുറപ്പെടുവിച്ച വിചിത്ര നിർദേശങ്ങൾ അടങ്ങിയ സർക്കുലർ വിവാദമാകുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് വൈസ് ചാൻസലർ സർക്കുലർ പിൻവലിച്ചു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ശങ്കരജയന്തി ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എത്തുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
അസിസ്റ്റന്റ് രജിസ്ട്രാർ ഒപ്പിട്ട സർക്കുലറിൽ വിസി നിർദേശിച്ച പ്രകാരം താഴെ പറയുന്ന നിയന്ത്രണങ്ങളാണ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നൽകിയിരുന്നത്. ഗവർണർ എത്തുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. ചടങ്ങ് തീരുന്നത് വരെ അനാവശ്യ ചലനങ്ങൾ പാടില്ല തുടങ്ങിയവയായിരുന്നു വിചിത്ര നിർദേശങ്ങൾ.
സദസ്സിലെ കയ്യടികൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഗവർണർ മടങ്ങുന്നത് വരെ ആരും ഹാൾ വിട്ട് പുറത്തുപോകാൻ പാടില്ല. മൊബൈൽ ഫോണുകൾ നിർബന്ധമായും സൈലന്റ് മോഡിലാക്കണം. അനുവാദമില്ലാതെ ഗവർണറുടെ അടുത്തേക്കോ വേദിയിലേക്കോ പ്രവേശിക്കാൻ പാടില്ല എന്നും നിർദേശങ്ങളുണ്ടായിരുന്നു.
സർവകലാശാലയിലെ എല്ലാ വകുപ്പുകൾക്കും നൽകിയ ഈ സർക്കുലറിനെതിരെ അധ്യാപകരും വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തി. ജനാധിപത്യപരമായ മര്യാദകൾ ലംഘിക്കുന്ന നിർദേശങ്ങളാണിവ എന്ന വിമർശനം ഉയർന്നതോടെ വിസി സർക്കുലർ പിൻവലിക്കാൻ നിർബന്ധിതയാവുകയായിരുന്നു.










0 comments