കാലടി വിദ്യാര്‍ഥി സമരം; സസ്പെൻഷനെ ന്യായീകരിച്ച് സംസ്‌കൃത സർവകലാശാലയുടെ സത്യവാങ്മൂലം

കൊച്ചി : വിദ്യാർഥികൾക്കെതിരെ കള്ളപരാതിയിൽ അച്ചടക്ക നടപടിയെടുത്തിട്ടും അരിശം തീരാതെ ഹെെക്കോടതിയിൽ വീണ്ടും ന്യായീകരണവുമായി കാലടി സംസ്കൃത സർവകലാശാല. 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷനെ ന്യായീകരിച്ച് നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് വീദ്യാർഥികളോട് വീണ്ടും പക പോക്കുന്നത്. വിദ്യാര്‍ഥികള്‍ ഇനി ഇത്തരം അച്ചടക്കലംഘനങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പും മാപ്പപേക്ഷയും നൽകിയാൽ 12 പേരെ തിരിച്ചെടുക്കാമെന്നാണ് അറിയിച്ചത്.
അതോടൊപ്പം നാലു വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ രണ്ടുമാസം കൂടി നീട്ടിയതായും അറിയിച്ചു. പി എസ് അർച്ചന, ശ്യാംജിത്ത്, സി പി ശ്രദ്ധ, കെ വി അഭിജിത്ത് എന്നിവർ സസ്പെൻഷൻ കാലയളവിൽ ക്യാമ്പസിൽ പ്രവേശിച്ചെന്ന കുറ്റം ചുമത്തിയാണ് കാലയളവ് നീട്ടിയത്. നവംബർ രണ്ടിലെ സിൻഡിക്കറ്റ് യോഗമാണ് സസ്പെൻഷൻ നീട്ടി തീരുമാനമെടുത്തത്.
സസ്പെൻഷനിലുള്ള 16 വിദ്യാര്‍ഥികളും കുറ്റക്കാരെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ വിസിയെ തടഞ്ഞ് ആക്രമിച്ചു, സിന്‍ഡിക്കറ്റ് യോഗം തടസപ്പെടുത്തി എന്നീ ആരോപണങ്ങളുമുണ്ട്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലല്ല സസ്‌പെൻഷനെന്നും സർവകലാശാലക്ക് വേണ്ടി രജിസ്റ്റാർ ഇൻ ചാർജ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വാദിക്കുന്നു. രജിസ്ട്രേഷനുള്ള സമയപരിധി അവസാനിച്ച് പരീക്ഷകൾ ആരംഭിച്ച സാഹചര്യത്തിൽ പരീക്ഷ എഴുതാൻ അനുമതി തേടിയുള്ള ഹർജി നിലനിൽക്കില്ലെന്നും വിദ്യാർഥികൾക്ക് മിനിമം ഹാജരില്ലെന്നും ആവർത്തിച്ചു. വിദ്യാർഥികളുടെ പഠനവും പരീക്ഷയും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് സർവകലാശാലയുടെ കടുത്ത നിലപാട്.
സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷ എഴുതുവാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികൾ നൽകിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ബുധനാഴ്ച ഹർജി പരിഗണിക്കുന്നതിനിടെ, വിദ്യാർഥികൾ 60 ദിവസത്തിലേറെയായി പുറത്തല്ലേയെന്നും ഇനിയും അവരോടുള്ള അരിശം തീർന്നില്ലേയെന്നും സിംഗിൾ ബെഞ്ച് ചോദിച്ചിരുന്നു.
ആഗസ്‌ത് 13ന് നടന്ന സമരത്തിന്റെ പേരിൽ സെപ്തംബർ ഒന്നിനാണ് 16 വിദ്യാറഥികളെ സസ്‌പെൻഡ് ചെയ്‌തത്. 72 ദിവസമായി വിദ്യാർഥികൾ പുറത്താണ്. 12 ദിവസമായി മൂന്ന് വിദ്യാർഥികൾ നിരാഹാര സമരത്തിലുമാണ്.







0 comments