കയ്പമംഗലം വാഹനാപകടം; അറസ്റ്റിലായ ലോറി ഡ്രൈവറെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ: തൃശൂരിലെ കയ്പമംഗലം ദേശീയപാതയിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അറസ്റ്റിലായ ലോറി ഡ്രൈവറെ ഇന്ന് കോടതിയിൽ ഹാജരാക്കും. അനധികൃതമായി ലോറി പാർക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ. പുണെ സ്വദേശിയായ ദൂക്കാറാം കംപ്ലയാണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. അപകടം നടന്നയുടനെ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ശേഷം കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാൾക്കുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കയ്പമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ട നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ശനിയാഴ്ച അർധരാത്രി 12 മണിയോടെയാണ് തൃശൂർ കയ്പമംഗലം ദേശീയപാതയിൽ അപകടം നടന്നത്. ഡിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ആറു പേരും ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ മറ്റ് രണ്ടുപേരും മരണപ്പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിരുന്നു. ദേശീയപാതയിൽ പണിനടക്കുന്നതിനാൽ സർവീസ് റോഡിലേയ്ക്ക് കയറുന്നതിനായി സ്ഥാപിച്ചിരുന്ന സൈൻ ബോർഡുകളെ മറച്ചാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ലോറി പാർക്ക് ചെയ്തിരുന്നത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ ആണ് ലോറി ഡ്രൈവറെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയത്. ശേഷം ലോറി മുൻപോട്ട് നീക്കിയിട്ടതിന് ശേഷം പ്രദേശത്ത് നിന്ന് ഇയാൾ കടന്നുകളയുകയായിരുന്നു. തെറ്റായ ദിശയിൽ ലോറി പാർക്ക് ചെയ്തതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ദേശീയപാതയിലെ ഡിവൈഡറുകൾ മറയ്ക്കുന്ന രീതിയിൽ ചരക്കുലോറി അലക്ഷ്യമായി നിർത്തിയിട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മോട്ടോർ വാഹന വകുപ്പും വിലയിരുത്തിയിരുന്നു. പിന്നാലെയാണ് ലോറി ഡ്രൈവർ പിടിയിലായത്.









0 comments