കെ ടെറ്റ്: സംസ്ഥാന സർക്കാർ റിവ്യൂ ഹർജി നൽകിയത് സ്വാഗതാർഹം- കെഎസ്ടിഎ

തിരുവനന്തപുരം: പതിനായിരക്കണക്കിന് അധ്യാപകർക്ക് ആശ്വാസമേകി കെ ടെറ്റ് വിഷയത്തിൽ റിവ്യൂ ഹർജി ഫയൽ ചെയ്ത കേരള സർക്കാർ നടപടിയെ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്‌തു. 2009ൽ അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും, 2017 ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ (ഭേദഗതി) നിയമത്തിന്റെയും ഭാഗമായി നിലവിൽ സർവീസിലുള്ള മുഴുവൻ അധ്യാപകർക്കും ടെറ്റ് യോഗ്യത നിർബന്ധമാക്കി.
ഈ നിയമത്തെ അടിസ്ഥാനമാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിപ്രകാരം വിരമിക്കാൻ അഞ്ചു വർഷത്തിലധികം സർവീസ് ബാക്കിയുള്ള അധ്യാപകർ, രണ്ടു വർഷത്തിനുള്ളിൽ ടെറ്റ് യോഗ്യത നേടാത്ത പക്ഷം ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും, അഞ്ചുവർഷത്തിൽ താഴെ സർവീസ് ബാക്കിയുള്ള അധ്യാപകർക്ക് പ്രമോഷൻ നേടണമെങ്കിൽ ടെറ്റ് യോഗ്യത നേടണമെന്നും പ്രസ്താവിച്ചത് വലിയ ആശങ്കയാണ് അധ്യാപകർക്കിടയിൽ ഉണ്ടാക്കിയത്. അധ്യാപകരുടെ ജോലി സുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയത്തിൽ കെഎസ്ടിഎയുടെ ദേശീയ ഫെഡറേഷൻ ആയ എസ്‌ടിഎഫ്ഐയുടെ നേതൃത്വത്തിൽ പ്രക്ഷോഭസമരങ്ങളും, നിയമ പോരാട്ടങ്ങളും നടത്തിവരികയാണെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി, സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments