സുപ്രീംകോടതി വിധി; മാർഗനിർദേശങ്ങൾ പുതുക്കി
അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് നിർബന്ധം

തിരുവനന്തപുരം: സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി സർക്കാർ ഉത്തരവിറങ്ങി. കെ- ടെറ്റ് നിർബന്ധമാക്കി പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പൊതുവിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിലേറെ സർവീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്.
സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്‌ഡി, എംഎഡ് ഉള്ളവർക്ക് ഇനി കെ -ടെറ്റിൽ ഇളവ് അനുവദിക്കില്ല. കെ ടെറ്റ് കാറ്റഗറി- 3 യോഗ്യതകളോടെ സർവീസിൽ തുടരുന്ന ഹൈസ്കൂൾ അധ്യാപകരെമാത്രമേ പ്രധാനാധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റനിയമനങ്ങൾക്കും എച്ച്എസ്എസ്ടി, എച്ച്എസ്എസ്ടി ജൂനിയർ തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ നിയമനങ്ങൾക്കും പരിഗണിക്കൂ. സി -ടെറ്റ് വിജയിച്ചവർക്ക് അതത് തലത്തിൽ (എൽപി, യുപി) കെ- ടെറ്റിൽനിന്നുള്ള ഇളവ് തുടരും. കെ ടെറ്റ് കാറ്റഗറി 1, 2 എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി അധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കാം. ഹൈസ്കൂൾ തലത്തിലുള്ള ഭാഷാധ്യാപകർ കെ ടെറ്റ് കാറ്റഗറി 3 യോഗ്യത നേടിയപക്ഷം കെ ടെറ്റ് കാറ്റഗറി 4 നേടേണ്ടതില്ല. തീരുമാനങ്ങൾ സുപ്രീംകോടതിയിൽ സർക്കാർ ഫയൽ ചെയ്യുന്ന ഹർജിയുടെ അന്തിമതീരുമാനത്തിന് വിധേയമായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
2009ലെ യുപിഎ സർക്കാരാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവിൽ കെ ടെറ്റ് നിർബന്ധമാക്കിയത്. 2017ലെ ബിജെപി സർക്കാർ 2019നുശേഷം കെ ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാൻ തീരുമാനിച്ചു. യുപിഎ, ബിജെപി സർക്കാരുകളുടെ നിയമത്തിന്റെ ചുവടുപിടിച്ച് വന്ന സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തുകമാത്രമാണ് വഴി. നിലവിൽ സർവീസിലുള്ള അധ്യാപകർക്ക് ഫെബ്രുവരിയിൽ പ്രത്യേക കെ ടെറ്റ് പരീക്ഷ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വൈകാതെ സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷനും നൽകും.










0 comments