ad
Deshabhimani

കെ- ടെറ്റ്; എല്ലാ അധ്യാപകരുടെയും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

V Sivankutty
വെബ് ഡെസ്ക്

Published on Jan 03, 2026, 11:12 AM | 2 min read

തിരുവനന്തപുരം : സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനുമുള്ള കെ- ടെറ്റ് യോഗ്യത പരീക്ഷയിൽ അധ്യാപകർക്കിടയിൽ ഉണ്ടായ ആശങ്കകൾ പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2010 ഏപ്രിൽ ഒന്നിന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നതാണ് സുപ്രീം കോടതി വിധി . അന്നത്തെ നിയമന ചട്ടങ്ങൾ പാലിച്ചുകൊണ്ട് ജോലിയിൽ പ്രവേശിച്ച അധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിധിക്കെതിരെ സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


വിദ്യാഭ്യാസ അവകാശ നിയമം ലക്ഷ്യമിടുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ്. എന്നാൽ, ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന, മികച്ച അനുഭവസമ്പത്തുള്ള അധ്യാപകരെ പിരിച്ചുവിടുന്നത് ഗുണനിലവാരത്തെ തകർക്കുകയേ ഉള്ളൂ. കെ ടെറ്റ് നിലവിൽ വരുന്നതിന് മുൻപ് തന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും മുൻപന്തിയിലായിരുന്നു കേരളം. അന്നത്തെ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാണ് അധ്യാപകർ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിയിരുന്നത്- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


കെ-ടെറ്റ് പരീക്ഷ കേരളത്തിൽ ആരംഭിച്ചത് 2012ലാണ്. അതിനും മുമ്പ് ജോലിയിൽ പ്രവേശിച്ചവരോട്, ജോലിയിൽ കയറുമ്പോൾ ഇല്ലാതിരുന്ന ഒരു യോഗ്യത ഇപ്പോൾ നിർബന്ധമാണ് എന്ന് പറയുന്നത് സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ല. മുൻകാല പ്രാബല്യത്തോടെയുള്ള ഇത്തരം വിധികൾ നടപ്പിലാക്കുന്നത് അനേകം പേരുടെ തൊഴിൽ നഷ്ടപ്പെടുന്നതിനും വലിയ സാമ്പത്തിക- സാമൂഹിക പ്രത്യാഘാതങ്ങൾക്കും കാരണമാകും.


നിലവിൽ യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കായി 2026 ഫെബ്രുവരിയിൽ കെ- ടെറ്റ് പരീക്ഷ നടത്തുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട് . എന്നാൽ, 2010-ന് മുൻപ് നിയമിതരായ ഒരാൾക്ക് പോലും തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ എല്ലാ നിയമപരമായ ഇടപെടലുകളും സർക്കാർ നടത്തുമെന്നും അധ്യാപകർ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ അധ്യാപക സംഘടനകളുമായും നിയമവിദഗ്ധരുമായും ചർച്ച നടത്തിയ ശേഷം റിവ്യൂ പെറ്റീഷൻ നൽകുന്ന നടപടികൾ വേഗത്തിലാക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


പൊതുവിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിലേറെ സർവീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home