ഒരായുസ്സ് മതിയാകില്ല: കവി സച്ചിദാനന്ദൻ
print edition കവി സച്ചിദാനന്ദന്റെ ആത്മകഥ ‘അവിരാമം’ പ്രകാശിപ്പിച്ചു

കൊച്ചി
കവി സച്ചിദാനന്ദന്റെ ആത്മകഥ ‘അവിരാമം’ പ്രകാശിപ്പിച്ചു. ചാവറ കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ കവിയെ സ്‌നേഹിക്കുന്ന സാംസ്‌കാരിക, സാഹിത്യ പ്രമുഖരുടെ മുന്നിൽ ആദി, അൻവർ അലി, അമ്മുദീപ, കെ ഇന്ദുലേഖ, ലോപമുദ്ര, മനോജ് കുറൂർ, എൻ ജി ഉണ്ണിക്കൃഷ്ണൻ, പി പി രാമചന്ദ്രൻ, പി രാമൻ, എം ആർ രേണുകുമാർ എന്നിവർ ചേർന്ന് പുസ്‌തകം പ്രകാശിപ്പിച്ചു. എതിരൻ കതിരവൻ, ഫാ. ബോബി ജോസ് കട്ടിക്കാട്, തോമസ് ജേക്കബ്, എസ് ജോസഫ്, കെ സി നാരായണൻ, ഗൗരീദാസൻനായർ, ഫാ. അനിൽ ഫിലിപ് തുടങ്ങിയവർ സംസാരിച്ചു. കാർനെ ബുക്‌സാണ് പ്രസാധകർ.

കാർനെ ബുക്-സ് പുറത്തിറക്കുന്ന കെ സച്ചിദാനന്ദന്റെ ആത്മകഥ ‘അവിരാമം’ കവികളായ ആദി, അൻവർ അലി, അമ്മു ദീപ, കെ ഇന്ദുലേഖ, ലോപമുദ്ര,
മനോജ് കുറൂർ, എൻ ജി ഉണ്ണിക്കൃഷ്ണൻ, പി പി രാമചന്ദ്രൻ, പി രാമൻ, എം ആർ രേണുകുമാർ എന്നിവർ ചേർന്ന് പ്രകാശിപ്പിക്കുന്നു
22 അധ്യായങ്ങളിലൂടെ തന്റെ ജന്മഗ്രാമം, അച്ഛനമ്മമാർ, സ്‌കൂളുകൾ, കോളേജുകൾ, വായനശാലകൾ, കുടുംബം, എഴുപതുകളിലെ സാഹിത്യ-രാഷ്ട്രീയ പരിണാമങ്ങൾ, കേരളത്തിൽനിന്ന് ഡൽഹിയിലേക്കുള്ള മാറ്റം, അവിടത്തെ അനുഭവങ്ങളും സൗഹൃദങ്ങളും, ആറ് ഭൂഖണ്ഡങ്ങളിലെ യാത്രകളിലെ ചില അപൂർവാനുഭവങ്ങൾ, എഴുത്തിന്റെ ആരംഭവും പരിണാമവും, ചില കവിതകൾക്കുപിന്നിലെ അനുഭവങ്ങൾ, കവിതയിൽനിന്ന് കഥകളിലേക്കും നാടകങ്ങളിലേക്കും ഗസലുകളിലേക്കും കുട്ടിക്കവിതകളിലേക്കുമുള്ള സഞ്ചാരങ്ങൾ, വിഭിന്ന മേഖലകളിലെ സൈദ്ധാന്തികമായ അന്വേഷണങ്ങൾ എന്നിവയെക്കുറിച്ച് പുസ്തകത്തിൽ പറയുന്നുണ്ട്.
ചിത്രകല, ശിൽപ്പകല, സംഗീതം, നൃത്തം തുടങ്ങിയ ഇതര കലാമേഖലകളുമായുള്ള സംവാദങ്ങളും അവ നൽകിയ കവിതകളും, പരിഭാഷകളുടെ തുടക്കങ്ങളും സന്ദർഭങ്ങളും അവയുടെ പിന്നിലെ തത്വങ്ങളും അനുഭവങ്ങളും സാഹിത്യോത്സവങ്ങളുമായി ബന്ധപ്പെട്ട സ്‌മരണകൾ, ചെറുമാസികകളും പ്രസാധകരുമായുള്ള ബന്ധം, ചെയ്‌ത അനേകം ജോലികൾ, 30 വർഷം ഡൽഹിയിൽ കഴിഞ്ഞശേഷം നാട്ടിലേക്കുള്ള മടക്കത്തിന്റെ അനുഭവങ്ങളും പാഠങ്ങളും, കവിതയിലും രാഷ്ട്രീയത്തിലും ഇപ്പോൾ എത്തിനിൽക്കുന്ന അനുഭവസിദ്ധവും സ്വതന്ത്രവുമായ കാഴ്ചപ്പാടുകൾ എന്നിവയും പ്രതിപാദ്യ വിഷയമാണ്.
കാർനെ ബുക്‌സിന്റെ ആദ്യ പ്രകാശനസംരംഭമാണ് സച്ചിദാനന്ദന്റെ പുസ്‌തകം. ചടങ്ങിൽ കാൻനെ ബുക്‌സിന്റെ ഉദ്‌ഘാടനവും നടന്നു. എസ് ഹരീഷ് വെബ്‌സൈറ്റ് ഉദ്‌ഘാടനം ചെയ്‌തു. 10 പുസ്‌തകങ്ങളാണ് പുതിയതായി ഒരുങ്ങുന്നതെന്നും പ്രസാധകർ പറഞ്ഞു.
ഒരായുസ്സ് മതിയാകില്ല: കവി സച്ചിദാനന്ദൻ
ആത്മകഥ മുഴുവനായും എഴുതിത്തീർക്കാൻ ഒരായുസ്സ് മതിയാകില്ലെന്ന് കവി സച്ചിദാനന്ദൻ. പ്രകൃതിയോടും മൃഗങ്ങളോടും നിരന്തരം സംവദിക്കാൻ പഠിപ്പിച്ചത് അമ്മയാണ്. താൻ മനസ്സിലാക്കിയ പ്രകൃതിയെയും മനുഷ്യനെയും കുറിച്ച് പറയാനാണ് കവിതയെ ആശ്രയിച്ചത്. എഴുത്തിന്റെ ഭാഷയല്ലാതെ മറ്റു ഭാഷകൾ അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ ആത്മകഥയുടെ പ്രസാദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിൽനിന്ന് പിന്തിരിഞ്ഞ് ഭൂതകാലത്തിലേക്ക് നോക്കുക എല്ലാവരുടെയും സ്വഭാവമാണ്. എന്നാൽ, ആത്മകഥ എഴുതുക എന്നത് വളരെ ശ്രമകരമാണ്. ‘അവിരാമം’ എഴുതുന്നതിനുമുന്പ് ‘വേനൽ മഴ’ എന്ന പുസ്‌തകത്തിൽ ‘ആത്മകഥ’ എന്ന പേരിൽ ഒരു കവിത എഴുതിയിട്ടുണ്ട്. അതാണ് ആദ്യ ആത്മകഥ. എഴുതുന്നതിൽ രാഷ്‌ട്രീയം തീർച്ചയായും ഉണ്ടാകും. എന്നാൽ, ഏകമായ രീതിയിൽ അതിനെ കാണാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.










0 comments