print edition അതിജീവനം പറഞ്ഞ് മന്ത്രി ; കണ്ണുനിറഞ്ഞ് ആയിരങ്ങൾ

കൽപ്പറ്റ
ദുരന്ത അനുഭവവും അതിജീവന പ്രവർത്തനങ്ങളും വിവരിച്ച് കണ്ണുനനയിച്ച് മന്ത്രി രാജൻ. ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്‌ഘാടനത്തിൽ അധ്യക്ഷനായി മന്ത്രി ദുരന്തനാളുകളോർത്തത് പതിനായിരങ്ങളെ നിശ്ശബ്ദമാക്കി.
പുഞ്ചിരിമട്ടം പൊട്ടി മുണ്ടക്കൈയും ചൂരൽമലയും പുന്നപ്പുഴയിലൂടെ ഒഴുകിയതിന്റെ മുഴുവൻ വേദനയും വാക്കുകളിലുണ്ടായിരുന്നു. ആർത്തലച്ച മരണപ്പുഴയിൽനിന്ന് ആയിരങ്ങളെ ജീവന്റെ കരയ്ക്കടുപ്പിച്ചത് കണ്ഠമിടറി പറഞ്ഞു. അതിജീവനത്തിന്റെ നാൾവഴികളിലൂടെ സഞ്ചരിച്ചു. ദുരന്തബാധിതരുടെ പേരെടുത്ത് സങ്കടങ്ങളും ഉയിർപ്പും വരച്ചിട്ടു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിന്റെയും അതിജീവിതരെ ടൗൺഷിപ്പിൽ ഒരുമിപ്പിക്കുന്നതിന്റെയും കരളുറപ്പും ഓരോ വാക്കിലുമുണ്ടായിരുന്നു.
"സാമ്പത്തിക വിദഗ്ധന്മാർ കിട്ടാവുന്ന കണക്കുകളെല്ലാം നിരത്തിവച്ചു ഞങ്ങളോട് പറഞ്ഞു. കിട്ടിയ കാശ് എത്ര പേർക്കാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് കണക്കാക്കി ഹരിച്ച്, ആ തുക ഓരോരുത്തരുടെയും കൈയിൽ എത്തിക്കൂ. എന്തിനാണ് നിങ്ങൾ പണം സൂക്ഷിക്കുന്നത്. എത്രയേറെ വിമർശനങ്ങൾ, എത്രയേറെ അഭിപ്രായ പ്രകടനങ്ങൾ... ഒന്നിലും കുലുങ്ങിയില്ല ഇച്ഛാശക്തിയോടെ സർക്കാർ നേരിട്ടു. ഇന്ന് വീട് നൽകുന്ന 178 കുടുംബാംഗങ്ങളെയും നേരിൽ കണ്ടു. അവർ പറയുന്ന കാര്യം, ഞങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള പണംതന്ന് ഒഴിപ്പിച്ചെങ്കിൽ, കൂട്ടിമുട്ടാൻ കഴിയാത്ത വിധത്തിൽ പല ഭാഗങ്ങളിൽ ഞങ്ങൾ ഒറ്റപ്പെട്ടുപോയേനെ എന്നാണ്’– മന്ത്രി രാജൻ അനുഭവം വിവരിച്ചു.
ഇത് പുനരധിവാസത്തിന്റെ ലോകമാതൃക: മന്ത്രി രാജൻ
കേന്ദ്ര സർക്കാരടക്കം പലരും എതിർത്തിട്ടും കേരളം ദുരന്ത പുനരധിവാസത്തിന്റെ ലോക മാതൃക സൃഷ്‌ടിച്ചെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. മുണ്ടക്കൈ–ചൂരൽമല അതിജീവിതർക്കുള്ള ടൗൺഷിപ്പിന്റെ ഒന്നാംഘട്ടം ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തകർക്കാൻ ശ്രമിച്ചവരോട് അവസാനത്തെ ദുരന്തബാധിതനെയും പുനരധിവസിപ്പിച്ചേ ചുരമിറങ്ങൂവെന്ന് ലോകമലയാളി പറഞ്ഞു.
ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം വീതംവച്ച് നൽകാൻ പല സാമ്പത്തിക വിദഗ്ധരും പറഞ്ഞു. എന്നാൽ, "ഞങ്ങൾക്ക് പഴയതുപോലെ ഒന്നിച്ചു ജീവിക്കണം' എന്ന അതിജീവിതരുടെ ആവശ്യപ്രകാരമാണ് സർക്കാർ രാജ്യത്തെ ദുരന്തനിവാരണ ചരിത്രത്തിലെ ആദ്യ ടൗൺഷിപ്പ് പ്രഖ്യാപിച്ചത്. ദുരന്തം നടന്ന് 63ാം ദിവസം കൽപ്പറ്റ ബൈപ്പാസിന് അടുത്തുള്ള എൽസ്റ്റൺ എസ്റ്റേറ്റ് പദ്ധതിക്കായി കണ്ടെത്തി. കോടതി നടപടിയാൽ വൈകിയെങ്കിലും മാർച്ച് 27ന് ടൗൺഷിപ്പിന് തറക്കല്ലിട്ടു. ഏപ്രിൽ 11ന് സ്ഥലം ഏറ്റടുത്ത് രണ്ട് ദിവസത്തിനകം വീട് നിർമാണം തുടങ്ങി. 20വർഷംവരെ വാറന്റിയുള്ള ബ്രാൻഡഡ് വസ്‌തുക്കൾ ഉപയോഗിച്ചാണ് വീടുകളുടെ നിർമാണം. നിർത്താതെ പെയ്‌ത മഴയെയും അതിജീവിച്ച് നിർമാണ പ്രവൃത്തി മുന്നോട്ടുപോയി. ദുരന്തം കഴിഞ്ഞ് 579 ദിനങ്ങൾ പൂർത്തിയായപ്പോൾ ആദ്യ ഘട്ടത്തിലെ 178 വീടുകൾ കൈമാറാനായതിൽ സർക്കാരിന് അഭിമാനമുണ്ട്.
ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ, അങ്കണവാടി, മാർക്കറ്റ്, കളിസ്ഥലം, റോഡുകൾ, പാലം, സ്‌മാരകം എന്നിവയും ഇനി ടൗൺഷിപ്പിൽ ഉയരും. ദുരന്തബാധിതർക്ക് നൽകിയ വാക്ക് സർക്കാരിന് പാലിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലും നിർമാണം; ധനസഹായം തുടരും
തെരഞ്ഞെടുപ്പിന് വിജ്ഞാപനം ഇറങ്ങിയാലും ടൗൺഷിപ്പിൽ വീടുകളുടെ നിർമാണം തടസമില്ലാതെ തുടരുമെന്ന് മന്ത്രി രാജൻ അറിയിച്ചു. കാലവർഷത്തിന് മുമ്പ് അവസാന ഗുണഭോക്താവിനെയും ടൗൺഷിപ്പിലേക്ക് പുനരധിവസിപ്പിക്കും. ദുരന്തബാധിതർ വീടുകളിലേക്ക് താമസം മാറുംവരെ വാടകയും ദിനബത്തയും തുടരും.










0 comments