ad
Deshabhimani

പൊയ്‌കയുടെ സ്‌മൃതിദിനത്തിൽ 
സലിംകുമാറും വിടവാങ്ങി

SALIM KUMAR

സി അയ്യപ്പന്റെ കഥകൾ സമ്പൂർണം പ്രകാശന ചടങ്ങിൽ കെ എം സലിംകുമാർ സംസാരിക്കുന്നു

avatar
ഡോ. അജയ് എസ് ശേഖർ

Published on Jun 30, 2025, 12:15 AM | 2 min read

നാരായനെപ്പോലെ ലോകഭാഷകളിൽ അറിയപ്പെടുന്ന എഴുത്തുകാർക്ക്‌ ജന്മംകൊടുത്ത ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്കടുത്തുള്ള വെള്ളിയാമറ്റത്താണ് കുന്നത്ത്‌ മാണിക്കൻ സലിംകുമാർ പിറന്നത്. അമ്മയുടെ പേര് കോതയെന്നായിരുന്നു. കോതമംഗലവും കോതനല്ലൂരും കോതാഴവും കോതകുളങ്ങളുമേറെയുള്ള കേരളത്തിലും തമിഴകത്തും ഗോതമബുദ്ധരുടെ സൂചകമാണ്‌ കോതയും മാണിക്കനും. പൊയ്കയിലപ്പച്ചനെ ജനത ഏറെയടുപ്പത്തിൽ പൊയ്കയെന്ന്‌ വിളിക്കുന്നപോലെ ഗോതമരെ കോതയെന്ന്‌ ചുരുക്കിവിളിക്കുന്നു. കേരളത്തിലെ ആദിമനിവാസികളായ മലയരയരാകട്ടെ, മന്നരാകട്ടെ, പള്ളിയാരാകട്ടെ, മുതുവാരാകട്ടെ, ഊരാളികളാകട്ടെ, അടിയരാകട്ടെ, പണിയരാകട്ടെ കേരളമെന്ന ചേരനാട്ടിന്റെ ആദിമ അശോകൻ പ്രബുദ്ധതയുമായുള്ള സംസ്കാരബന്ധങ്ങളാണ്‌ ഈ സമുദായനാമങ്ങളും ഊരുപേരുകളും ആഴത്തിൽ അടയാളപ്പെടുത്തുന്നത്.

1949 മാർച്ച് പത്തിനാണ്‌ ഈ ഊരാളികുടുംബത്തിലെ പുത്തൻ പിറവി. 2025 ജൂൺ 29ന് പൊയ്കയുടെ പരിനിർവാണദിനത്തിൽ മരണം. നാളിയാനിയിലെ ആദിവാസി പള്ളിക്കൂടം, അറക്കുളം യുപി സ്‌കൂൾ, മൂലമറ്റം സർക്കാർ ഹൈസ്‌കൂൾ, എറണാകുളം സർക്കാർ മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന്‌ തീവ്ര ഇടതുപക്ഷവുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയപ്രക്ഷോഭങ്ങളിലേക്ക്‌. അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവർഷത്തോളം തടവിൽ. 1910ൽ പൊയ്ക ജ്ഞാനസാന്ദ്രമായ പ്രതീകവിമർശമായി വേദപുസ്‌തകം കത്തിച്ചപോലെ, 1917ൽ സഹോദരൻ ആത്മസോദരങ്ങളായ അയ്യരും കണ്ണനുമായി സമപന്തിഭോജനത്തിലൂടെ ജാതിയെ ദഹിപ്പിച്ചപോലെ 1924ൽ കുറുമ്പൻ ദൈവത്താനും മൂലൂരും ആയിരക്കണക്കിന്‌ ദളിതസോദരങ്ങളുമായി ചെങ്ങന്നൂരമ്പലത്തിലേക്കു കടന്നപോലെ 1925ൽ അംബേദ്കർ മനുസ്‌മൃതി ബഹുജനങ്ങളോടൊത്ത് ദഹിപ്പിച്ചപോലെ 1989ൽ ദളവാക്കുളം പോരാട്ടഭൂമികയായ വൈക്കത്തുവച്ച് മനുസ്‌മൃതി ചുട്ടുകരിച്ചുകൊണ്ടാണ് സലിംകുമാർ ദളിത് രാഷ്‌ട്രീയത്തിലേക്ക്‌ കടന്നത്. കേരള ദളിത് മ ഹാസഭ, അധഃസ്ഥിത നവോത്ഥാന മുന്നണി, ദളിത് ഐക്യസഭ എന്നിങ്ങനെ നിരവധി ബഹുജനസംഘടനകളുടെ സ്ഥാപകസംഘാടകനും സംസ്ഥാന നേതാവുമായിരുന്നു.

മക്കളെയെല്ലാം വിദ്യാഭ്യാസം ചെയ്യിച്ച്‌ മികച്ച പൊതുസേവനരംഗത്ത്‌ എത്തിച്ചു. രക്തപതാക മാസിക, അധഃസ്ഥിത നവോത്ഥാനമുന്നണി ബുള്ളറ്റിൻ, ദളിത് ഐക്യസമിതി ബുള്ളറ്റിൻ, ദളിത് മാസിക എന്നിവയുടെ പത്രാധിപരുമായിരുന്നു. ‘ഭൂമിയുടെ ജാതിയും രാഷ്‌ട്രീയവും’ എന്ന രചനയുടെ സമ്പാദകനാണ്. അർബുദരോഗവുമായി മല്ലടിച്ചുകൊണ്ട്‌ പൂർത്തിയാക്കിയ ആത്മകഥയായ ‘കടുത്ത’ താമസിയാതെ പുറത്തുവരും. അദ്ദേഹത്തിന്റെ ആദ്യ പേരായിരുന്നു കടുത്ത. ഉപസംവരണ, വെണ്ണപ്പാളിവാദവുമായി ബന്ധപ്പെട്ട 2025ലെ ലേഖനങ്ങൾ വിമർശിക്കപ്പെടുന്നു.

പ്രസിദ്ധീകരിച്ച 
കൃതികൾ

സംവരണവും സമവായത്തിന്റെ രാഷ്‌ട്രീയവും, ദളിത്‌ പ്രത്യയശാസ്‌ത്രവും സമുദായവൽക്കരണവും, ഭൂമിയുടെ ജാതിയും രാഷ്‌ട്രീയവും, നെഗ്രിറ്റ്യൂഡ്, സംവരണം ദളിത് വീക്ഷണത്തിൽ, ദളിത് ജനാധിപത്യ ചിന്ത, ഇതാണ് ഹിന്ദു ഫാസിസം, വംശമേധാവിത്വത്തിന്റെ സൂക്ഷ്‌മതലങ്ങൾ

ഡോ. അജയ് എസ് ശേഖർ 
അസോസിയറ്റ് പ്രൊഫസർ, 
ഇംഗ്ലീഷ് വിഭാഗം
കാലടി സർവകലാശാല



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home