print edition പോറ്റിയെ ജയിലിൽ കേറ്റിയത് ഇടതുപക്ഷം : കെ കെ ശൈലജ

തിരുവനന്തപുരം
പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഇടതുപക്ഷമല്ലെന്നും എന്നാൽ ജയിലിൽ കയറ്റിയത് ഇടതുപക്ഷമാണെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ പറഞ്ഞു. അതു മറച്ചുവച്ച്, ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചാൽ വിലപ്പോകില്ല. ശബരിമലയിലെ യഥാർഥപ്രശ്‌നം എന്താണ് എന്ന് നിയമസഭയ്‌ക്ക് അകത്ത് ചർച്ച ചെയ്യണമായിരുന്നു. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാകുമെന്ന് പ്രതിപക്ഷത്തിന് അറിയാം. അതുകൊണ്ടാണ് നോട്ടീസ് അവതരിപ്പിക്കാതെ സഭ സ്‌തംഭിപ്പിക്കാൻ ശ്രമിച്ചത്.
പ്രതിപക്ഷം നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. പതിനേഴ് അടിയന്തര പ്രമേയങ്ങൾക്ക് ചർച്ചയ്‌ക്ക് അനുമതി നൽകിയ സർക്കാരാണിത്. നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ വന്നാൽ അതിന് എന്താണ് പരിഹാരമെന്ന് ചർച്ചയിലൂടെ അറിയിക്കുന്ന സർക്കാരാണിത്. കഴിഞ്ഞ പത്തു വർഷക്കാലം സർക്കാർ നടപ്പാക്കിയ വികസന വേലിയേറ്റത്തിൽ പ്രതിപക്ഷത്തിന് നില തെറ്റുകയാണ്. ജനങ്ങളുടെ മുന്നിൽ അവർക്ക് പറയാനൊന്നുമില്ല.
സാധാരണക്കാർക്ക് പ്രവേശനം ലഭിക്കാൻ പ്രയാസമുള്ള സോണിയ ഗാന്ധിയുടെ വസതിയിൽ അവർക്കൊപ്പം പോറ്റിയും സ്വർണം വാങ്ങിയ ആളും കോൺഗ്രസ് നേതാക്കളൊന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സോണിയ ഗാന്ധിക്ക് ബ്രേസ്‌ലെറ്റ് അണിയിച്ചുനൽകുന്ന തരത്തിലുള്ള ഈ ബന്ധത്തെക്കുറിച്ച് എന്തുകൊണ്ടാണ് പ്രതിപക്ഷം മിണ്ടാത്തത്. ഗവർണർ ബില്ലുകൾ ഒപ്പിടാതെ കെട്ടിവച്ചിരിക്കുന്നതിനെതിരെപോലും പ്രതിപക്ഷം ശബ്ദമുയർത്തുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും വികസന പ്രവർത്തനങ്ങൾ നടത്താനും സഹകരിക്കുന്നതിനുപകരം ബഹളമുണ്ടാക്കി സഭ തടസ്സപ്പെടുത്തുന്നത് ജനാധിപത്യപരമല്ല.
ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും അവരെ സംരക്ഷിക്കില്ലെന്നും കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും നിയമസഭയ്‌ക്കുമുന്നിൽ മാധ്യമങ്ങളോട് കെ കെ ശൈലജ പറഞ്ഞു.










0 comments