print edition മത്സരിക്കാനില്ലെന്ന് കെ ബാബു

കൊച്ചി
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തൃപ്പൂണിത്തുറ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ ബാബു. വ്യക്തിപരമായ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പുരംഗത്തെ പിന്മാറ്റമെന്നും സംഘടനാരംഗത്ത് തുടരുമെന്നും ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മത്സരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താൽപ്പര്യമില്ലെന്ന് അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാലാണിത്. സ്ഥാനാർഥിയായി ആരുടെയും പേര് താൻ നിർദേശിച്ചിട്ടില്ല. മണ്ഡലത്തിൽ ചില സമവാക്യങ്ങൾ യുഡിഎഫ് പാലിക്കണം. രമേഷ് പിഷാരടിയുടെ പേര് മാധ്യമങ്ങളിൽ കണ്ടിരുന്നു. സ്ഥാനാർഥിയെ പാർടി കണ്ടെത്തുകയും തീരുമാനിക്കുകയും ചെയ്യും. തൃപ്പൂണിത്തുറയിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ബാബു പറഞ്ഞു.
1991 മുതൽ തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർഥിയാണ് കെ ബാബു. ആറ് തെരഞ്ഞെടുപ്പിൽ ജയിച്ചു. 2016ൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനോട് തോറ്റു. 2021ൽ വീണ്ടും എംഎൽഎയായി.
എക്‌സൈസ് മന്ത്രിയായിരിക്കെ ലൈസൻസ് അനുവദിക്കാൻ ബാറുടമകളിൽനിന്ന് കോഴ വാങ്ങിയെന്ന കേസിൽ 2016ൽ വിജിലൻസ് കോടതി എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തപ്പോൾ മന്ത്രിസ്ഥാനം നഷ്ടമായി. അനധികൃത സ്വത്തുസന്പാദനത്തിന് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബാബുവിനെതിരെ കേസെടുത്ത് 25.82 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. വിജിലൻസ് കേസിനെ അടിസ്ഥാനമാക്കിയായിരുന്നു ഇഡി കേസ്.
ബാബു മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ തൃപ്പൂണിത്തുറ ലക്ഷ്യമിട്ട് കോൺഗ്രസിലെ സീറ്റുമോഹികൾ നീക്കം ശക്തമാക്കി. ബാബുവിന്റെ അടുത്ത അനുയായി ഉൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. പുറമെ ആരുടെയും പേര് നിർദേശിച്ചിട്ടില്ലെന്ന് പറയുന്പോഴും സ്ഥാനാർഥിനിർണയത്തിൽ ബാബുവിന്റെ നിലപാട് നേതൃത്വത്തിന് തള്ളാനാകില്ല.










0 comments