ക്രൈസ്തവ പീഡനവും ക്രിസ്തുനിന്ദയും രാജ്യവ്യാപകമായി: ജോസ് കെ മാണി എംപി

കോട്ടയം: യേശുവിന്റെ തിരുപ്പിറവി ദിനം മുതൽ നവവത്സരം വരെയുള്ള ആഘോഷവേളയിൽ രാജ്യമെമ്പാടും വർഗീയവാദികൾ നടത്തിയത് ക്രൈസ്തവ പീഡനവും ക്രിസ്തു നിന്ദയുമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ സംഘടിച്ചെത്തി തകർക്കുന്ന പ്രവണതയാണ് ഇന്ത്യയുടെ പലഭാഗങ്ങളിലും ക്രൈസ്തവർ അനുഭവിക്കേണ്ടി വന്നത്.
ക്രൈസ്തവ ആരാധനാലയങ്ങളിലും പ്രാർഥനകൾ നടക്കുന്ന വിശ്വാസികളുടെ ഭവനങ്ങളിലും സംഘടിച്ചെത്തുന്ന ആൾക്കൂട്ടങ്ങൾ പലയിടങ്ങളിലും അക്രമപ്രവർത്തനങ്ങൾ നടത്തി. മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് എല്ലായിടങ്ങളിലും അക്രമ പ്രവർത്തനങ്ങൾ ബോധപൂർവം സംഘടിപ്പി ച്ചത്. ഇങ്ങനെയെത്തുന്നവർ പൊലീസിനെ വിളിച്ചുവരുത്തുകയും പുരോഹിതർക്കും ക്രൈസ്തവ വിശ്വാസികൾക്കുമെതിരെ കേസെടുപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നാഗ്പൂരിൽ മലയാളി സിഎസ്ഐ വൈദികനായ ഫാ. സുധീറിനും ഭാര്യ ജാസ്മിനുമെതിരെ കേസെടുത്തത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾ ഇത്തരം അക്രമപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം സമീപനങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയും മതസ്വാതന്ത്ര്യം അപകടത്തിലാക്കുകയും ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു.










0 comments