print edition പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; ‘നെയിം’ പദ്ധതി യാഥാർഥ്യമാകുന്നു

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക വഴി നടപ്പാക്കുന്ന ‘നെയിം’ (നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ്) പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിയിലേക്ക് തൊഴിലുടമകൾക്ക് രജിസ്‌റ്റർ ചെയ്യാനുള്ള വെബ് പോർട്ടൽ സജ്ജമായി. സംസ്ഥാനത്തെ അംഗീകൃത വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം.
നോര്‍ക്ക റൂട്ട്സ് നൽകുന്ന പട്ടികയിൽനിന്നുള്ള ഉദ്യോഗാര്‍ഥികൾക്ക് തൊഴിലുടമയ്‌ക്ക് നിയമനം നൽകാം. ഇങ്ങനെ നിയമനം നടത്തുന്ന തൊഴിലുടമയ്ക്ക് വര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതം പദ്ധതിവഴി ലഭിക്കും. ദിവസ വേതനത്തിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി 400 രൂപ, ഇതിൽ ഏതാണോ കുറവ് അതാണ് ശമ്പളവിഹിതമായി തൊഴിലുടമയ്ക്ക് ലഭിക്കുക. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നിയമിക്കാനാകും.
പദ്ധതിയിലേക്ക് https://name.norkaroots.kerala.gov.in എന്ന വെബ് പോർട്ടലിലാണ് തൊഴിലുടമ രജിസ്‌റ്റർ ചെയ്യേണ്ടത്. തൊഴിലുടമകള്‍ പരസ്യപ്പെടുത്തുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ ലിങ്കുകളും ഓരോ ഒഴിവുകൾക്കനുസൃതമായി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. സഹകരണ സ്ഥാപനങ്ങള്‍, ഇഎസ്ഐ, ഇപിഎഫ്, ഉദ്യം രജിസ്ട്രേഷനുള്ള സ്വകാര്യ/പബ്ലിക് ലിമിറ്റഡ്/ എല്‍എല്‍പി കമ്പനികൾ, അംഗീകൃത സ്റ്റാർട്ടപ്പുകള്‍ എന്നിവയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കും വെബ്‌സൈറ്റ് സന്ദർശിക്കുകയോ, 0471 -2770523 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.








0 comments