സോഷ്യൽ മീഡിയയിലൂടെ ജോലിതട്ടിപ്പ്; പ്രതി പിടിയിൽ

കോഴിക്കോട് : സമൂഹമാധ്യമങ്ങളിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്‌ത് പണം തട്ടിയശേഷം വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ. മലപ്പുറം വള്ളുവങ്ങാട് സ്വദേശി മഞ്ചപ്പള്ളി വീട്ടിൽ മിദ്‌ലാജി(19)നെയാണ് നല്ലളം പൊലീസ് അറസ്റ്റുചെയ്‌തത്. 2023 ഡിസംബറിൽ കുണ്ടായിത്തോട് സ്വദേശിനിയായ യുവതിയിൽനിന്നാണ് പണം തട്ടിയത്. ടെലിഗ്രാമും വാട്‌സാപ്പും മുഖേന ജോലി വാഗ്ദാനംചെയ്‌ത് വ്യാജ ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിപ്പിക്കുകയും ടെലിഗ്രാം ലിങ്കിലൂടെ ബിറ്റ്കോയിൻ ട്രേഡിങ് ടാസ്ക് നടത്തിക്കുകയും ചെയ്‌ത് 17.56 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
കേസെടുത്തതറിഞ്ഞ പ്രതി അറസ്റ്റ് ഭയന്ന് വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് നല്ലളം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ചു. നല്ലളം എസ്‌ഐ സുനിൽ, സിപിഒ ഷഫീൻ എന്നിവർ ഡൽഹിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.










0 comments